

ശോഭനൻ
ചാലക്കുടി: മേലൂര്‍ കുന്നപ്പിള്ളിയില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. കുന്നപ്പിള്ളി കേവീട്ടില്‍ ശോഭനനെയാണ് (62) റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു അയല്‍വാസിയായിരുന്ന മംഗലത്ത് വീട്ടില്‍ സുധാകരനെ (62) മദ്യപിച്ച് ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ വീട്ടില്‍ നിന്ന് ഇറച്ചി മുറിക്കാന്‍ കൊണ്ടു വന്ന കത്തി കൊണ്ട് ശോഭനൻ കഴുത്തുറത്ത് കൊലപ്പെടുത്തിയത്. ആലക്കപ്പിള്ളിയിൽ തന്നെയുള്ള പാണേലി രാജന്‍റെ വീട്ടിൽ വച്ചുണ്ടായ വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചത്. കഴുത്തിലെ ആഴത്തിലുള്ള മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.
സുഹൃത്തുക്കളായ സുധാകരനും, ശോഭനനും ബുധനാഴ്ച രാവിലെ മുതല്‍ മദ്യവും ഇറച്ചിയുമായി ആലക്കപ്പിള്ളിയിലെ സുഹൃത്ത് പാണേലി രാജന്‍റെ വീട്ടിലെത്തുകയും തുടർന്ന് ഇറച്ചി എല്ലാവരും കൂടി പാചകം ചെയ്തു മദ‍്യം കഴിക്കുന്നതിനിടെ ചെറിയ തര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സുധാകരന്‍റെ മൃതദേഹം സംസ്‌കരിച്ചു. സംഭവം നടന്ന വീട്ടില്‍ കൊരട്ടി പൊലീസിന്‍റെ നേതൃത്വത്തില്‍ ശോഭനനെ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ശോഭനന്‍റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു.