

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചന്ദനമരക്കഷണങ്ങളുമായി അഫ്ഗാൻ പൗരനെ സിഐഎസ്എഫ് പിടികൂടി. വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലാണ് സംഭവം.
കാബൂളിലേക്ക് പോകാനിരുന്ന യാത്രക്കാരന്‍റെ ഹാൻഡ് ബാഗേജ് പരിശോധിച്ചപ്പോഴാണ് ചന്ദനം കണ്ടെത്തിയത്. 11 ചെറിയ പെട്ടികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനമരക്കഷണങ്ങൾ. തുടർന്ന് യാത്രക്കാരനെ കസ്റ്റഡിയിൽ എടുക്കുകയും ചന്ദനമരക്കഷണങ്ങൾ കസ്റ്റംസ് അധികൃതർക്ക് കൈമാറുകയും ചെയ്തു. യാത്രക്കാരന്‍റെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
1992ലെ വിദേശ വ്യാപാര വികസന-നിയന്ത്രണ നിയമ പ്രകാരം ഏതു രൂപത്തിലുള്ള ചന്ദനവും കയറ്റുമതി ചെയ്യുന്നത് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് നിരോധിച്ചിട്ടുണ്ടെന്ന് സിഐഎസ്എഫ് വക്താവ് പറഞ്ഞു.