
ആഗ്ര: ആഗ്രയില്‍ വിവാഹ ചടങ്ങിനിടെ സല്‍കാരത്തില്‍ വിളമ്പിയ രസഗുള തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ പരിക്കേറ്റ് 6 പേര്‍ ആശുപത്രിയില്‍. വാക്കുതര്‍ക്കം പിന്നീട് വാക്കേറ്റത്തിലും അടിപിടിയിലും കലാശിച്ചക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ശംസാബാദ് പ്രദേശത്ത് ബ്രിജ്ഭന്‍ ഖുഷ്വാഹ എന്നയാളുടെ വസതിയിലാണ് കഴിഞ്ഞ ഞായറാഴ്ച വിവാഹ ചടങ്ങിനടക്കുന്നത്. ഇവിടെ രസഗുള തീര്‍ന്നുപോയതിനെ കുറിച്ച് ഒരാള്‍ പറഞ്ഞ കമന്‍റ് മറ്റു ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്നാണ് കാര്യങ്ങള്‍ അടിപിടിയില്‍ എത്തിയത്.
പരിക്കുകളോടെ 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവര്‍ എല്ലാവരും നിലവില്‍ അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ മറ്റൊരിടത്ത് വിവാഹ വേദിയില്‍ മധുരപലഹാരം തീര്‍ന്നുപോയതിനെച്ചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു.