കൊല്ലം: മൈനാഗപ്പള്ളിയില്‍ മദ്യ ലഹരിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കാറിനു ഇന്‍ഷുറന്‍സ് പോളിസിയുണ്ടായിരുന്നില്ലെന്ന് വിവരം. അപകടത്തിനു ശേഷമാണ് ഇന്‍ഷുറന്‍സ് പോളിസി പുതുക്കിയിരിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കെഎല്‍ 23 ക്യു 9347 എന്ന കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂര്‍ക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോള്‍ (45) കഴിഞ്ഞ ദിവസം മരിച്ചത്.
ഈ വാഹനത്തിന്‍റെ ഇന്‍ഷുറന്‍സ് കാലാവധി 13നു അവസാനിച്ചിരുന്നു. അപകടം നടക്കുമ്പോള്‍ കാറിനു ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. പോളിസി 16നാണ് പുതുക്കിയത്. 16 മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ പോളിസി. പ്രതിയായ മുഹമ്മദ് അജ്മലിന്‍റെ സുഹൃത്തിന്‍റെ മാതാവിന്‍റെ പേരിലാണ് കാര്‍. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ കാര്‍ ഉടമയെ വിളിച്ചു വരുത്തി വിശദമായ മൊഴിയെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.
മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യ സത്കാരവും കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കേസില്‍ കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കേതില്‍ മുഹമ്മദ് അജ്മല്‍ , നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരാണ് അറസ്റ്റിലായത്.
റിമാന്‍ഡില്‍ കഴിയുന്ന ഇരുവരേയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അജ്മലാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്കെതിരെ മനഃപൂര്‍വമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ കാര്‍ ഓടിച്ചു പോകാന്‍ നിര്‍ബന്ധച്ചെന്ന കണ്ടെത്തലില്‍ ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി. അജ്മലിന്‍റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.