ആലുവ പീഡനo: അന്വേഷണം കൂടുതൽ ആളുകളിലേക്ക്

ഇത്തരത്തിൽ കുട്ടികൾക്കെതിരെയോ സ്ത്രീകൾക്കെതിരെയോ അതിക്രമം നടത്തുന്നവരെ കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കും
പ്രതി ക്രിസ്റ്റൽ രാജ്
പ്രതി ക്രിസ്റ്റൽ രാജ്

കൊച്ചി: ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് കൂടുതൽ പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തേക്കും. കൊച്ചി നഗരത്തിൽ ഇത്തരത്തിൽ കുട്ടികൾക്കെതിരെയോ സ്ത്രീകൾക്കെതിരെയോ അതിക്രമം നടത്തുന്നവരെ കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കുമെന്നും ആലുവ ഡിവൈഎസ്പി അറിയിച്ചു.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി ക്രിസ്റ്റൽ രാജിന്‍റെ സുഹ്യത്തുകളിലേക്കും പൊലീസ് അന്വേഷണം നീളുന്നുണ്ട്. സുഹൃത്തുകൾ ആരെങ്കിലും ഇയാളെ കൃത്യം നടത്താൻ സഹായിച്ചിരുന്നോ എന്നത് അടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ക്രിസ്റ്റലിന്‍റെ രണ്ട് സുഹൃത്തുക്കൾ നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ വഴിയാണ് പ്രതി മോഷണമുതല്‍ വില്‍ക്കുന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അതേസമയം, പ്രതി ക്രിസ്റ്റല്‍ രാജിനെതിരെ വീണ്ടും പോക്സോ ചുമത്തി പെരുമ്പാവൂര്‍ പൊലീസും കേസെടുത്തു. ഈ കേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ആലുവയിലേതിന് സമാനമായി മോഷ്ടിക്കാനെത്തിയ പ്രതി വീട്ടിലെ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ക്രിസ്റ്റല്‍ രാജിനെതിരെ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.

വാഹന മോഷണ കേസിലും പ്രതിയാണ് ക്രിസ്റ്റല്‍ രാജ്. ആലുവയിലും പെരുമ്പാവൂരിലും നിത്യസന്ദര്‍ശകനായ ക്രിസ്റ്റല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സുപരിചിതൻ കൂടിയാണ്. പ്രതി ക്രിസ്റ്റൽ അന്ന് രാത്രി കുട്ടിയുടെ വീട്ടില്‍ എത്തിയതും മോഷണം ലക്ഷ്യമിട്ടാണെന്ന് ആലുവ പൊലീസ് പറഞ്ഞു. അതിനിടെയാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതും പീഡിപ്പിച്ചതും. ക്രിസ്റ്റലിന്‍റെ സഞ്ചിയില്‍ പലയിടങ്ങളില്‍നിന്ന് മോഷ്ടിച്ച എട്ട് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. രാത്രി രണ്ടുമണിയോടെ ആലുവയിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ജനലിലൂടെ അകത്തേക്ക് കൈ കടത്തി വാതില്‍ തുറന്നശേഷം അവിടെ കിടന്ന മൊബൈല്‍ ഫോണാണ് ആദ്യം എടുത്തത്. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഏഴ് ദിവത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ അപേക്ഷ എറണാകുളം പോക്സോ കോടതി തിങ്കളാഴ്ച പരിഗണിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com