അങ്കമാലിയിൽ പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; അമ്മൂമ്മ അറസ്റ്റിൽ

കുഞ്ഞിന്‍റെ അച്ഛന്‍റെയും അപ്പൂപ്പന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തി
Angamali Child Murder; Grand mother Arrested

ഡൽന മരിയ സാറ

Updated on

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ കൊലപ്പെടുത്താൻ ഇവർ ഉപ‍യോഗിച്ച കത്തി പൊലീസ് കണ്ടെത്തിയിരുന്നു.

മാനസിക വിഭ്രാന്തിയെ തുടർന്നാണ് ഇവർ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. മറ്റ് കാരണങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. റോസിലി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം കുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളെജിൽ പോസ്റ്റുമോർട്ടം ചെയ്യും.

കറുകുറ്റി ചീനിയിൽ താമസിക്കുന്ന ആന്‍റണി, റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് ബുധനാഴ്ച മരിച്ചത്. അമ്മൂമ്മയ്ക്ക് അടുത്ത് കുഞ്ഞിനെ ഉറക്കി കിടത്തിയശേഷം അമ്മ അടുക്കളയിൽ പോയ സമയത്താണ് കുഞ്ഞിനെ അമ്മൂമ്മ കൊലപ്പെടുത്തിയത്. അമ്മയ്ക്ക് ഭക്ഷണം കൊടുക്കാൻ റൂത്ത് റൂമിലെത്തിയപ്പൊഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ കണ്ടത്.

ഇവർ ബഹളം വെച്ചതിനെ തുടർന്ന് അച്ഛൻ ആൻറണി കുഞ്ഞിനെ എടുത്ത് തോളിലിട്ട് അയൽവാസിയുടെ സഹായത്തോടെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്‍റെ കഴുത്തിൽ ആഴത്തിലുളള മുറിവുണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അമ്മൂമ്മയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്. 60 കാരിയായ അമ്മൂമ്മ വിഷാദരോഗത്തിന് ചികിത്സ തേടുന്ന ആൾ ആണെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയതിന് പിന്നാലെ തളർന്നുവീണ അമ്മൂമ്മയെ മൂക്കന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുഞ്ഞിന്‍റെ അച്ഛന്‍റെയും അപ്പൂപ്പന്‍റെയും മൊഴി അങ്കമാലി പൊലീസ് രേഖപ്പെടുത്തി. അമ്മൂമ്മയുടെയും അമ്മയുടെയും അടക്കം മൊഴികൾ ഉടൻതന്നെ രേഖപ്പെടുത്തും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com