
പനീർ (37) ലോകേശ്വരി (25)
ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരില്‍ സ്ത്രീധനപീഡനത്തെത്തുടർന്ന് നവവധു നാലാം നാൾ ജീവനൊടുക്കി. ചെന്നൈ പൊന്നേരി സ്വദേശിനി പി. ലോകേശ്വരി (25) യെയാണ് സ്വന്തം വീട്ടിലെ കുളിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ലോകേശ്വരിയുടെ ഭര്‍ത്താവ് പനീറും ഭര്‍തൃമാതാവ് പൂങ്കോതയേയും പൊന്നേരി അറസ്റ്റ് ചെയ്തു.
ജൂണ്‍ 27-നാണ് കാട്ടവൂര്‍ സ്വദേശിയായ പനീറും (37) ലോകേശ്വരിയും (25) വിവാഹിതരാവുന്നത്. സ്വകാര്യ കമ്പനി ജീവനക്കാരനായ പനീറും കുടുംബവും വിവാഹം നിശ്ചയിച്ചപ്പോള്‍ 10 പവന്‍ സ്വര്‍ണം സ്ത്രീധനമായി ആവശ്യപ്പെട്ടതെങ്കിലും 5 പവൻ നൽകാമെന്ന വാഗ്‌ദാനത്തിലായിരുന്നു വിവാഹം നടത്തിയത്. എന്നാൽ എന്നാൽ 4 പവൻ സ്വർണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നൽകാൻ കഴിഞ്ഞത്.
സ്വർണത്തിന് പുറമെ വസ്ത്രങ്ങളും ബൈക്കും സ്ത്രീധനമായി നൽകിയിരുന്നു. പക്ഷേ, ബാക്കിയുള്ള ഒരുപവന്‍ സ്വര്‍ണത്തിന്‍റെ പേരിൽ ഭര്‍തൃവീട്ടുകാര്‍ ലോകേശ്വരിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. കുടുംബത്തിലെ മൂത്ത മരുമകൾക്ക് 12 പവൻ സ്ത്രീധനമായി ലഭിച്ചിരുന്നെന്നും ബാക്കി ഒരു പവൻ സ്വർണം ഉടൻ ലഭിക്കണമെന്നും ഇതിനു പുറമേ, എസി വാങ്ങി നൽകണമെന്നും പറഞ്ഞായിരുന്നു ഉപദ്രവം.
സംഭവത്തിൽ ഭര്‍ത്താവ് പനീര്‍, ഇയാളുടെ അമ്മ പൂങ്കോത്തൈ, അച്ഛന്‍ ഏഴുമലൈ, സഹോദരി നദിയ എന്നിവര്‍ക്കെതിരേ ലോകേശ്വരിയുടെ കുടുംബം പരാതി നൽകി. വിവാഹം കഴിഞ്ഞ ദിവസം മുതല്‍ സ്ത്രീധനത്തിന്‍റെ പേരില്‍ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും വീട്ടിലെ ജോലികൾ മുഴുവന്‍ മകളെക്കൊണ്ട് ചെയ്യിക്കാറുണ്ടെന്നും സോഫയിൽ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയ ലോകേശ്വരി, ഇക്കാര്യം മാതാപിതാക്കളോട് പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാത്രിയോടെ ലോകേശ്വരിയെ സ്വന്തം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും അറസ്റ്റ് ചെയ്തതായും, കേസിലെ മറ്റുപ്രതികളായ ഏഴുമലൈ, നദിയ എന്നിവര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊന്നേരി പൊലീസ് അറിയിച്ചു.