വീട്ടിൽനിന്ന് മാൻകൊമ്പും ആയുധങ്ങളും പിടിച്ചെടുത്തു; പിടിയിലായത് കൊടുംകുറ്റവാളി

ഇയാൾ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്
ആനപ്പാറ ചിറ്റാറിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്ത മാൻകൊമ്പും ആയുധങ്ങളും സ്ഫോടകവസ്തുക്കളും.
ആനപ്പാറ ചിറ്റാറിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്ത മാൻകൊമ്പും ആയുധങ്ങളും സ്ഫോടകവസ്തുക്കളും.

നെടുമങ്ങാട്: വിതുര ആനപ്പാറ ചിറ്റാറിലെ വീട്ടിൽ നിന്ന് മാൻകൊമ്പും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതി വിതുര ആനപ്പാറ ചിറ്റാർ നാസ് കോട്ടേജിൽ ചിറ്റാർ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖിനെ (35) അറസ്റ്റ് ചെയ്തു. ചിറ്റാറിലെ വീട്ടിൽ ആയുധനിർമാണം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി കിരൺ നാരായണനു വിവരം ലഭിച്ചതിനെത്തുടർന്ന് ഡാൻസാഫ് ടീമും പൊലീസും നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങളും മാൻകൊമ്പും കണ്ടെത്തിയത്.

വിതുര, കല്ലാർ മേഖലകളിലെ പതിവു കുറ്റവാളിയായ ഇയാൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ വിതുരയിൽ കാർ അടിച്ചുതകർത്ത കേസിലും വീട്ടിൽ ബോംബ് എറിഞ്ഞ കേസിലുമായി ജയിൽശിക്ഷ അനുഭവിച്ച ഷഫീഖ്‌ രണ്ടുമാസം മുമ്പാണ് പുറത്തിറങ്ങിയത്. ഷഫീഖിന്‍റെ വീട് വളഞ്ഞ് നടത്തിയ റെയ്‌ഡിൽ ഇരുനിലവീടിന്‍റെ മുകളിലത്തെ ഒരു മുറി ആയുധനിർമാണത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തി.

ഏറുപടക്കങ്ങൾ, വെടിമരുന്ന്, വിവിധതരം മാരകായുധങ്ങൾ ഇവിടെനിന്നു കണ്ടെടുത്തു. ഏറുപടക്കങ്ങളും ആയുധങ്ങളും ഷഫീഖ് തന്നെയാണ് നിർമിച്ചിരുന്നത്. ഇവ നിർമിക്കാനുള്ള കട്ടറുകളും ഗ്രൈന്‍റിങ്‌ മെഷീനും ഉൾപ്പെടെ മുറിയിൽ സൂക്ഷിച്ചിരുന്നു. മാൻകൊമ്പ് കണ്ടെടുത്തതിനെത്തുടർന്ന് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ കസ്റ്റഡിയിൽ വാങ്ങി. മാൻകൊമ്പിന്‍റെ ഉറവിടം കണ്ടെത്തിയ ശേഷം മുമ്പും ഇയാൾ മൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടോ എന്ന അന്വേഷണം നടത്താനാണ് വനം വകുപ്പിന്‍റെ തീരുമാനം. വലിയമല ഇൻസ്‌പെക്ടർ ശിവകുമാർ, ഡാൻസാഫ് എസ്ഐ ഷിബു, എസ്‍സിപിഒമാരായ സതികുമാർ, അനൂപ്, ഉമേഷ്‌ബാബു, വിതുര എസ്ഐ വി. സതികുമാർ, സിപിഒ ബിനു എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com