

മുംബൈ: 500 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽ സ്വന്തം അനുജനെ കുത്തിക്കൊലപ്പെടുത്തി ജ്യേഷ്ഠൻ. താനെയിലെ കല്ല‍്യാൺ ഏരിയയിൽ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രതി മദ‍്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മദ‍്യലഹരിയിലായിരുന്ന പ്രതി സലിം ഷമീമിന്‍റെ (32) പോക്കറ്റിൽ നിന്ന് അനുജൻ അനുവാദമില്ലാതെ 500 രൂപയെടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
പോക്കറ്റിൽ നിന്നും പണം എടുത്തതോടെ പ്രതി അനുജനുമായി ഏറേ നേരം വാക്കുതർക്കമുണ്ടാവുകയും തുടർന്ന് അനുജനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. കുറ്റകൃത‍്യത്തിന് ശേഷം ഇരുവരുടെയും അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്.
തുടർന്ന് ബുധനാഴ്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന‍്യായ സംഹിത സെഷൻ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.