
സ്വർണം പണയം വച്ചതിനെ ചൊല്ലി തർക്കം; ജേഷ്ഠനെ വെട്ടി പരുക്കേൽപ്പിച്ച് സഹോദരൻ
file image
തിരുവനന്തപുരം: സ്വർണം പണയം വച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ജേഷ്ഠനെ വെട്ടിപരുക്കേൽപ്പിച്ച സഹോദരൻ അറസ്റ്റിൽ. പ്രതിയായ തിരുവനന്തപുരം കൈരളി നഗർ സ്വദേശി രാജീവിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മൺവിളയിൽ വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. രാജീവിന്‍റെ ഭാര‍്യയുടെ സ്വർണം ജേഷ്ഠൻ റെജി പണയം വച്ചെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റമുണ്ടായത്.
ഓട്ടോറിക്ഷയിൽ വന്ന റെജിയെ രാജീവ് ഓട്ടോറിക്ഷയിൽ നിന്നും വിളിച്ചിറക്കി വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ശേഷം രാജീവ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. വലതു കൈയ്ക്ക് പരുക്കേറ്റ റെജി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.