
ബെംഗളൂരു: ബംഗളൂരുവിൽ പത്തൊമ്പതുകാരിയെ ഓടുന്ന കാറിൽ കൂട്ട ബലാത്സംഗം ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തു. എജിപുര സ്വദേശികളായ 22 മുതൽ 26 വയസു വരെ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരാണു പിടിയിലായത്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്യുന്നവരാണിവരെന്നു പൊലീസ് അറിയിച്ചു.
മാർച്ച് 25-നാണു കേസ്നാസ്പദമായ സംഭവം. കൊറമംഗലയിലെ പാർക്കിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു യുവതി. രാത്രി 9.30-ഓടെ പ്രതികളിലൊരാൾ പെൺകുട്ടിയുടെ സുഹൃത്തുമായി തർക്കത്തിലായി. തുടർന്ന് ഇയാൾ പോകുകയും, സുഹൃത്തുക്കളെ കൂടി തിരിച്ചുവരികയുമായിരുന്നു. ഇവർ തിരികയെത്തിയപ്പോഴേക്കും യുവതിയുടെ സുഹൃത്ത് പാർക്കിൽ നിന്നും പോയിരുന്നു.
തുടർന്നു പെൺകുട്ടിയെ കാറിലേക്കു വലിച്ചിഴച്ചു കയറ്റി നാലു മണിക്കൂറോളം പീഡനം തുടർന്നു. വെളുപ്പിനു 3.30യോടെ പാർക്കിനു സമീപത്തു യുവതിയെ ഇറക്കിവിട്ടു. ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടി പിന്നീട് കൊറമംഗല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചു 9 മണിക്കൂറുകൾക്കള്ളിൽ പ്രതികളെ പിടികൂടാനായി. പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.