നെല്ലായിയിൽ വൻ കഞ്ചാവ് വേട്ട

മധ്യ കേരളത്തിലെ യുവാക്കളെ മയക്കു മരുന്നിനടിമകളാക്കാവുന്ന കഞ്ചാവു ശേഖരമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു
നെല്ലായിയിൽ വൻ കഞ്ചാവ് വേട്ട

കൊടകര: ഒറീസയിൽ നിന്ന് നിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. എറണാകുളം ജില്ല കോടനാട് സ്വദേശി കോട്ട വയൽ വീട്ടില്‍ അജി വി നായർ 29 വയസ്, പാലക്കാട് ആലത്തൂർ ചുള്ളി മട സ്വദേശി ശ്രീജിത്ത് 22 വയസ് എന്നിവരെയാണ് കൊടകര സബ് ഇൻസ്പെക്ടർ ശ്രീമതി. സി ഐശ്വര്യ അറസ്റ്റു ചെയ്തത്.

ഒറീസയിലെ ഭ്രാംപൂരിൽ നിന്ന് കാറിൽ രഹസ്യമായി കൊണ്ടുവന്നിരുന്ന കഞ്ചാവാണ് നെല്ലായി ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെ കൊടകര പോലീസും ,ജില്ലാ ലഹരി വിരുദ്ധ സേനയും, ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഞ്ചാവ് കടത്തിയ ഹ്യുണ്ടായ് വെർണ്ണ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് ചാക്കുകളിൽ കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ ഒരു കോടിയോളം രൂപ വിലമതിക്കും. മധ്യ കേരളത്തിലെ യുവാക്കളെ മയക്കു മരുന്നിനടിമകളാക്കാവുന്ന കഞ്ചാവു ശേഖരമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി നടന്നുവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിനിടെ കേരളത്തിലേക്ക് വന്‍ കഞ്ചാവു ശേഖരം കടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്ന് തൃശൂർ റേഞ്ച് ഡി ഐ ജി ശ്രീമതി അജിത ബീഗം ഐ പി എസ്സിന്റെ നിർദേശാനുസരണം തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐ പി എസിൻ്റെ നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ടു നിന്ന അന്വേഷണത്തിലൊടുവിലാണ് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് ശൃംഖലകളിലൊന്നിനെ പിടികൂടാന്‍ സാധിച്ചത്. എറണാകുളം കേന്ദ്രീകരിച്ച് വിൽപനക്കായാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സൂചനയെന്നും ഈ സംഘത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായും പൊലീസ് അറിയിച്ചു.

മധ്യ കേരളത്തില്‍ വില്‍പ്പനക്കായികൊണ്ടു വന്ന കഞ്ചാവാണ് നെല്ലായിയിൽ നിന്ന് പിടികൂടിയത്. രണ്ട് മാസത്തിലധികമായി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ടീം നടത്തിയ പരിശ്രമത്തെ തുടര്‍ന്നാണ് ഈ സംഘത്തെ ഇത്ര വലിയ തോതിലുള്ള കഞ്ചാവ് സഹിതം പിടികൂടാന്‍ കഴിഞ്ഞത്. വളരെ ആസൂത്രിതമായി ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലാണ് കേരളാതിര്‍ത്തി കടത്തി കഞ്ചാവ് കൊണ്ടു വരുന്നത്.

അഞ്ചു ഗ്രാം കഞ്ചാവിന്റെ പൊതിക്ക് അഞ്ഞൂറ് രൂപയാണ് ചില്ലറ വില. ഇങ്ങനെ കണക്കാക്കിയാല്‍ കോടികള്‍ വില മതിക്കുന്ന കഞ്ചാവ് നാലിലൊന്ന് തുക പോലും കൊടുക്കാതെയാണ് ഒറീസയിൽ നിന്നും,ആന്ധ്രപ്രദേശിൽ നിന്നും കൊണ്ടു വരുന്നത്.  അറസ്റ്റിലായ അജി വി നായർക്ക് എറണാകുളം ജില്ലയിൽ ഒരു കൊലപാതക കേസും, മൂന്നു കൊലപാതക ശ്രമകേസും, പത്തോളം അടിപിടി കേസുകളും ഉണ്ട്. 2023 ൽ പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 21 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പിടികിട്ടാപ്പുള്ളിയാണ് ഇയാൾ.

ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എൻ മുരളീധരൻ, ചാലക്കുടി ഡിവൈഎസ്പി ആര്‍ അശോകൻ,കൊടകര ഇന്‍സ്‌പെക്ടര്‍ റഫീക്ക് കെ, എസ്‌ ഐമാരായ ഐശ്വര്യ സി ,സ്റ്റീഫൻ വി ജി , ജയകൃഷ്ണന്‍ പി പി, സതീശന്‍ മടപ്പാട്ടിൽ, റോയ് പൗലോസ്, അലി പി എം ,,ദിലീപ് കെ വി,എ എസ് ഐമാരായ ഷീബ അശോകൻ, മൂസ പി എം , സിൽജോ വി യു , രാജു പി വി , സീനിയര്‍ സിപിഒമാരായ സൂരജ് വി. ദേവ് , ലിജോൺ, റെജി എ യു , ബിനു എം ജെ, ഷിജോ തോമസ്, ശ്രീജിത്ത് ഇ എ ,സ്മിത്ത് എം കെ, സഹദ് ടി സിദ്ദിഖ്, വിഷ്ണുപ്രസാദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതികളെ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.

Trending

No stories found.

Latest News

No stories found.