

ആർ. പ്രേംകുമാർ
File
AI generated summary, newsroom reviewed
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ബിഎൽഎം) സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) ഉടൻ നോട്ടീസ് നൽകും. ഇതുവരെയുള്ള പരിശോധനയിൽ കണ്ടെത്തിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കുന്നത്.
പ്രേംകുമാർ നിലവിൽ വിദേശത്താണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള പ്രധാന വിവരം. നോട്ടീസ് കൈപ്പറ്റിയില്ലെങ്കിൽ വിമാനത്താവളങ്ങളിലടക്കം ലുക്ക് ഔട്ട് നോട്ടീസ് അടക്കമുള്ള കർശന നടപടിക്രമങ്ങളിലേക്കു കടക്കാനാണ് ഇഡിയുടെ തീരുമാനം. സാമ്പത്തിക തിരിമറി കേസിൽ ബിഎൽഎമ്മിന്‍റെ 103 കോടി രൂപയുടെ ആസ്തികളും സ്വത്തുക്കളും ഇഡി ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്. ശതകോടികളുടെ വലിയ തട്ടിപ്പാണ് പ്രേംകുമാർ നടത്തിയിട്ടുള്ളതെന്നും ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം തുടരുമെന്നും ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ചെന്നൈ, എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മൂന്നാർ എന്നീ സ്ഥലങ്ങളിലെ 12ഓളം ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. അതിലാണ് ഗുരുതരമായ തട്ടിപ്പുകൾ പുറത്തുവന്നതെന്ന് ഇഡി ഉദ്യോഗസ്ഥർ പറയുന്നു.
ഹൗസിങ് സൊസൈറ്റി വഴി സാധാരണക്കാരായ നിരവധി ആളുകളിൽനിന്ന് ശേഖരിച്ച നിക്ഷേപത്തുക ചട്ടവിരുദ്ധമായി വകമാറ്റി, പ്രേംകുമാറും കുടുംബാംഗങ്ങളും സ്വന്തം പേരിൽ ഈ തുക ഉപയോഗിച്ച് വൻതോതിൽ ഭൂമിയും മറ്റ് സ്വത്തുക്കളും വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.
ബിഎൽഎമ്മുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാനായി പ്രേംകുമാറും കൂട്ടാളികളും ചേർന്ന് 320 ബാങ്ക് അക്കൗണ്ടുകളാണ് ഉപയോഗിച്ചത്. കള്ളപ്പണ നിയമപ്രകാരം കൂടുതൽ പരിശോധനകൾ നടത്തിയാലേ തട്ടിപ്പിന്‍റെ യഥാർഥ വ്യാപ്തി മനസിലാക്കാൻ സാധിക്കൂ. ഇപ്പോൾ ചെയർമാൻ അല്ലെങ്കിലും ബിഎൽഎമ്മിന്‍റെ എല്ലാ പ്രവർത്തനങ്ങളും പ്രേംകുമാർ നേരിട്ടാണ് നിയന്ത്രിച്ചിരുന്നതെന്ന് റെയ്ഡിൽ ബോധ്യപ്പെട്ടിട്ടുണ്ട്.