

നിഷാന്ത്
ഇടുക്കി: ഇടുക്കി പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ 18 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആൺസുഹൃത്തും ഇടുക്കി വട്ടപ്പാറ സ്വദേശിയുമായ 19കാരൻ നിഷാന്തിനെ പൊലീസ് പിടികൂടി.
ബുധനാഴ്ചയാണ് പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെതെന്ന് തോന്നിക്കുന്ന മൃതദേഹം കരിമണൽ പൊലീസ് കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ 19 കാരൻ പിടിയിലാവുന്നത്. ബോഡിനായ്ക്കന്നൂർ സ്വദേശിയായ പെൺകുട്ടിയും ഇടുക്കി വട്ടപ്പാറ സ്വദേശിയായ നിഷാന്തും നേരത്തെ ഒരുമിച്ച് പഠിച്ചവരാണ്. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു.
ഇതിനിടെ പെൺകുട്ടിക്ക് മാറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച നിഷാന്ത് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കൂടിക്കാഴ്ച വഴക്കിലേക്ക് കടന്നതോടെ തന്റെ ഓട്ടോയിൽ വച്ച് നിഷാന്ത് യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. ശേഷം മരണം ഉറപ്പിക്കാനായി കല്ല് കൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. ശേഷം രാത്രി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോളൊഴിച്ച് യുവതിയുടെ മൃതദേഹം കത്തിക്കുകയായിരുന്നു.