കോട്ടയത്ത് പച്ചക്കറി പഴം വിൽപ്പനയുടെ മറവിൽ 4 ലക്ഷം രൂപയുടെ ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി  പിടിയിൽ

78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി നിറച്ച നിലയിൽ ആണ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്
കോട്ടയത്ത് പച്ചക്കറി പഴം വിൽപ്പനയുടെ മറവിൽ 4 ലക്ഷം രൂപയുടെ ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി  പിടിയിൽ

കോട്ടയം: പച്ചക്കറി പഴം വിൽപനയുടെ മറവിൽ ബ്രൗൺ ഷുഗർ വിൽപന നടത്തിയ ഇതര സംസ്ഥാന തൊഴിലാളി കോട്ടയത്ത് എക്‌സൈസ് പിടിയിൽ. ആസാം സോണിപുർ പഞ്ച്മൈൽ ബസാർ സ്വദേശിയായ രാജികുൾ അലം(33) എന്നയാളെയാണ് കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്‍റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.

78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി നിറച്ച നിലയിൽ ആണ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 4 ലക്ഷത്തോളം രൂപ വില വരും എന്ന് എക്സൈസ് സംഘം പറഞ്ഞു. 

കോട്ടയം നഗരത്തിൽ പഴം, പച്ചക്കറി വ്യാപാരത്തിന്‍റെ മറവിൽ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമാക്കിയാണ് ഇയാൾ മാരകലഹരി മരുന്നായ ബ്രൗൺ ഷുഗർ വില്പന നടത്തിയിരുന്നത്.  100 മില്ലിഗ്രാമിന് 5000 രൂപ ഈടാക്കിയായിരുന്നു ഇയാളുടെ വിൽപന. കേരളത്തിൽ അഥിതി തൊഴിലാളി എന്ന വ്യാജേന പുതുതലമുറയുടെ ആവശ്യാനുസരണം മയക്കുമരുന്ന് വില്പന നടത്തി വന്നിരുന്നയാളാണ്  ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു.

എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്റ്റർ രാജേഷ് ജോൺ, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്റ്റർ ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com