
ചെന്നൈ: പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെയും യുവതിയെയും മൂന്നാം ദിവസം വീട്ടില്‍കയറി വെട്ടിക്കൊന്നു. തമിഴ്‌നാട് തൂത്തുക്കുടിയിലാണ് ഈ ക്രൂരത അരങ്ങേറിയത്. വ്യാഴാഴ്ച വൈകിട്ട് ആറേ മുക്കാലോടെ ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം ഇവരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
തുത്തുക്കുടി മുരുകേശൻ നഗറിലെ മാരിശെല്‍വൻ (25), കാര്‍ത്തിക (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഒരേ വിഭാഗത്തില്‍പ്പെട്ടവരാണെന്നും യുവതിയുടെ അമ്മാവനും ബന്ധുക്കളുമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്ന ഇരുവരും കുടുംബങ്ങളുടെ എതിർപ്പ് അവഗണിച്ച് മൂന്നുദിവസം മുൻപാണ് അമ്പലത്തിൽ താലി കെട്ടിയ ശേഷം രജിസ്റ്റര്‍ വിവാഹം കഴിച്ചത്. തുടർന്ന് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവാഹക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.
ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുന്ന മാരിശെല്‍വൻ്റെ കുടുംബം കോവില്‍പ്പട്ടി സ്വദേശികളായിരുന്നു. അടുത്തിടെയാണ് ഇവര്‍ മുരുകേശൻ നഗറിലേക്ക് ഇവര്‍ താമസം മാറ്റിയത്. മികച്ച സാമ്പത്തികനില ആയിരുന്നില്ല മാരിശെല്‍വൻ്റെത്. ഇരുവരുടേയും വിവാഹത്തിന് കാര്‍ത്തികയുടെ രക്ഷിതാക്കളും ബന്ധുക്കളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ അവഗണിച്ച് കഴിഞ്ഞ ഒക്ടോബര്‍ 30നാണ് ഇരുവരും ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങി ഇവർ പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍വച്ച് കാര്‍ത്തികയെ വിവാഹം ചെയ്തത്. തുടര്‍ന്ന് വ്യാഴാഴ്ചയോടെ ഇവര്‍ മുരുകേശൻ നഗറിലെത്തിയതായി പൊലീസ് പറയുന്നു.
അന്ന് വൈകുന്നേരം ആറുമണിയോടെ മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേരടങ്ങുന്ന സംഘം ഇവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി കൊടുവാള്‍ കൊണ്ട് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ തൂത്തുക്കുടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വ്യക്തമായ അന്വേഷണത്തിന് ശേഷം കൂരകൃത്യം ചെയ്‌തവരെ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.