
കെ.കെ. സമീർ
കാസർഗോഡ്: സ്കൂൾ വിദ‍്യാർഥികളുടെ സെൻഡ് ഓഫ് പാർട്ടിക്ക് കഞ്ചാവ് എത്തിച്ച് നൽകിയ കളനാട് സ്വദേശി പിടിയിൽ. പത്താം ക്ലാസ് വിദ‍്യാർഥികളുടെ സെൻഡ് ഓഫ് പാർട്ടിക്കാണ് കഞ്ചാവ് എത്തിച്ച് നൽകിയത്. കളനാട് സ്വദേശി കെ.കെ. സമീറാണ് (34) പിടിയിലായത്. കാസർഗോഡ് സ്കൂൾ പരിധിയിലുള്ള വിദ‍്യാർഥികൾ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
തുടർന്ന് കഞ്ചാവ് പിടിച്ചെടുത്തു. എൻഡിപിഎസ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്‌ട് തുടങ്ങിയവയാണ് പ്രതിക്കു മേലെ ചുമത്തിയിരിക്കുന്നത്. കഞ്ചാവ് കൈവശം വച്ചതിന് വിദ‍്യാർഥികൾക്കെതിരേ സോഷ‍്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയാറാക്കി. തുടർന്ന് കഞ്ചാവ് നൽകിയത് ആരാണെന്ന് വിദ‍്യാർഥികൾ വെളിപ്പെടുത്തുകയായിരുന്നു.
അതേസമയം സ്കൂളിന്‍റെ പേരുവിവരങ്ങൾ അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പത്തോളം വിദ‍്യാർഥികൾ കഞ്ചാവ് ഉപയോഗിച്ചുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയ സമയം പൊലീസിനു നേരെ ആക്രമണം ഉണ്ടായി. കഞ്ചാവ് കേസിന് പുറമെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.