യുവ ഡോക്റ്ററെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്ന കേസ്; നടന്നത് ഹണിട്രാപ് എന്ന് സംശയം

ഡോക്റ്ററും നടി അതുല‍്യയുടെ അടുത്ത ബന്ധുവും തമ്മിലുള്ള ബന്ധത്തെത്തുടർന്നുള്ള തർക്കമാണ് ആക്രമണത്തിനു പിന്നില്ലെന്നാണ് പൊലീസ് പറയുന്നത്
Case of a young doctor being lured to a flat and assaulted; suspected to be a honey trap.

അതുല‍്യ ചന്ദ്ര, ബിബിൻ പെരുമ്പള്ളി

Updated on: 

കൊച്ചി: ചികിത്സയ്ക്കെന്ന വ‍്യാജേന യുവ ഡോക്റ്ററെ വിളിച്ചുവരുത്തി മർദിച്ചെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നടന്നത് ഹണിട്രാപ് ആണോയെന്ന സംശയത്തിലാണ് പൊലീസ്. ഡോക്റ്ററും നടി അതുല‍്യയുടെ അടുത്ത ബന്ധുവും തമ്മിലുള്ള ബന്ധത്തെത്തുടർന്നുള്ള തർക്കമാണ് ആക്രമണത്തിനു പിന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

പ്രശ്നങ്ങൾ പരിഹരിക്കാൻ അതുല‍്യയും നടൻ ബിബിൻ പെരുമ്പള്ളിയും 6 കോടി രൂപ ഡോക്റ്ററോട് ആവശ‍്യപ്പെട്ടെന്നും എന്നാൽ‌ വിസമ്മതിച്ചതോടെ മർദിക്കുകയും സ്വകാര‍്യ ദൃശ‍്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് വിവരം. കേസിൽ പൊലീസ് അതുല‍്യയുടെ ബന്ധുവിന്‍റെ മൊഴിയെടുക്കും.

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ബിബിൻ പെരുമ്പള്ളിയുടെ ഡ്രൈവർ വിഷ്ണു എട്ടോളം കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ‍്യക്തമാക്കി. അതുല‍്യയും ബിബിൻ പെരുമ്പള്ളിയും ഉൾപ്പടെ 12 പ്രതികളാണ് കേസിലുള്ളത്. കൊച്ചിയിലെ സ്വകാര‍്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന 41കാരനായ ഡോക്റ്ററാണ് ആക്രമണത്തിനിരയായത്. അടുത്ത ബന്ധുവിന്‍റെ മൊബൈൽ ഫോണിൽ നിന്നും ഡോക്റ്റർക്കൊപ്പമുള്ള സ്വകാര‍്യ ദൃശ‍്യങ്ങൾ അതുല‍്യ കണ്ടെന്നും ഇതോടെയാണ് ഭീഷണിപ്പെടുത്തി പണം തട്ടാമെന്ന തീരുമാനത്തിലെത്തിയതെന്നും പൊലീസ് പറയുന്നു.

അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്നു പറഞ്ഞാണ് അതുല്യ ചന്ദ്ര ഡോക്റ്ററെ ഈ മാസം രണ്ടിന് പൊന്നുരുന്നി ഭാഗത്തുള്ള ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചത്. ദുൽക്കർ സൽമാന്‍റെ വേഫെറർ നിർമാണ കമ്പനി അവരുടെ ജീവനക്കാർക്ക് എടുത്തു നൽകിയ ഫ്ലാറ്റിൽ വച്ചാണ് ആക്രമണം നടന്നത്. വേഫെറർ നിർമാണ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ് കേസിലെ ഒന്നാം പ്രതി കൂടിയായ ബിബിൻ പെരുമ്പള്ളി.