

പ്രായപൂർത്തിയാകാത്ത ദേശീയ സൈക്ലിങ് താരത്തെ പീഡിപ്പിച്ചു; വിദേശ പരിശീലകനെതിരേ കേസ്
പട്യാല: പഞ്ചാബിലെ പട്യാലയിലുള്ള നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം നടത്തുന്ന 16കാരിയായ ദേശീയ സൈക്ലിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയിൽ വിദേശ പരിശീലകനെതിരേ കേസെടുത്തു. സംഭവത്തിൽ കസാഖിസ്ഥാൻ സ്വദേശിയായ മക്സത് അയാസ്‌ബയേവിനെതിരെയാണ് കേസെടുത്തത്.
ഏഷ്യൻ ഗെയിംസിനായുള്ള പരിശീലനത്തിനിടെ സെപ്റ്റംബർ 13നാണ് പീഡനം നടന്നതെന്നാണ് പരാതി. പീഡന വിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധിതൃതർ പൊലീസിനെ അറിയിച്ചു. തുടർന്ന് കേസെടുത്ത പൊലീസ് 16കാരിയുടെ വൈദ്യപരിശോധനയും നടത്തി. പരിശോധനാ റിപ്പോർട്ട് ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
അതേസമയം പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ പട്യാലയിലെ ക്യാംപിൽ നിന്ന് ഡൽഹിയിലെ മറ്റൊരു ക്യാംപിലേക്ക് മുങ്ങി. തുടർന്ന് പട്യാലയിൽനിന്നുള്ള പൊലീസ് സംഘം ഡൽഹിയിലെ ക്യാംപിലെത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസ് എത്തുന്നതിന് മുൻപ് പ്രതി അവിടെനിന്നും പോയിരുന്നു.
പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് പട്യാല സിറ്റി പൊലീസ് സൂപ്രണ്ട് മോഹിത് അഗർവാൾ അറിയിച്ചു. പ്രതിയുടെ പാസ്‌പോർട്ടും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപാണ് പ്രതി പട്യാലയിലെത്തിയത്. സ്റ്റാഫ് ക്വാർട്ടേഴ്സിലായിരുന്നു താമസം. ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്.