

ബീഫ് കഴിച്ചതിന്‍റെ പേരിൽ ജാതീയ അധിക്ഷേപം; ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ
കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ബീഫ് കഴിച്ചതിന്‍റെ പേരിൽ ജാതീയ അധിക്ഷേപവും പീഡനവും നേരിട്ട 16കാരനായ ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളായ രണ്ട് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. 11-ാം ക്ലാസ് വിദ്യാർഥികളായ ഇരുവരെയും ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയശേഷം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ എസ്. അരുൺകുമാറിനെയും ക്ലാസ് അധ്യാപകൻ പി. വിജയകുമാറിനെയും സ്കൂൾ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അച്ചടക്ക നടപടികൾ സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചു.
ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് ജാതീയ അധിക്ഷേപവും ഭീഷണിപ്പെടുത്തലും നേരിട്ടതിനെ തുടർന്ന് പീലമേട്ടിലെ വീട്ടിൽ വിദ്യാർഥി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. ഒക്റ്റോബർ 21നായിരുന്നു സംഭവം. രണ്ട് മാസം മുൻപാണ് പീഡനം രൂക്ഷമായതെന്ന് വിദ്യാർഥിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഭക്ഷണശീലത്തിന്‍റെ പേരിൽ രണ്ട് സഹപാഠികൾ നിരന്തരം ജാതീയ അധിക്ഷേപം നടത്തിയിരുന്നതായി ബന്ധുക്കളും ആരോപിച്ചു. ഇക്കാര്യം ക്ലാസ് അധ്യാപകന്‍റെയും പ്രധാനാധ്യാപകന്‍റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു.