കാസ്റ്റിങ് കൗച്ച് യാഥാർഥ്യം: മലയാള സിനിമാ മേഖലയെ നിയന്ത്രിക്കുന്നത് 15 പേർ

ലൈംഗിക ചൂഷണം നേരിടുന്നവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ
Casting couch in Malayalam film industry
കാസ്റ്റിങ് കൗച്ച് യാഥാർഥ്യം: സിനിമയെ നിയന്ത്രിക്കുന്നത് 15 പേർ
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാസ്റ്റിങ് കൗച്ച് എന്ന മലയാള സിനിമ മേഖലയിൽ യാഥാർഥ്യം തന്നെയാണെന്നു തെളിയിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സിനിമാ മേഖലയിൽ പിടിച്ചുനിൽക്കാൻ പല സ്ത്രീകൾക്കും ലൈംഗികമായി വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു എന്നും മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കമ്മിറ്റി വിലയിരുത്തുന്നു.

മലയാള സിനിമാ മേഖലയെ നിയന്ത്രിക്കുന്നത് 15 പുരുഷൻമാർ ഉൾപ്പെടുന്ന ഒരു പവർ ഗ്രൂപ്പാണെന്നും ഇതിൽ സൂചിപ്പിക്കുന്നു. നടൻമാരും സംവിധായകരും നിർമാതാക്കളും ഉൾപ്പെടുന്നതാണ് ഈ പതിനഞ്ച് പേരെന്നും പരാമർശം.

സിനിമയിൽ അഭിനയിക്കാൻ വരുന്ന സ്ത്രീകൾ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന രീതിയിലാണ് പവർ ഗ്രൂപ്പിന്‍റെ തണലിലുള്ളവരുടെ പെരുമാറ്റം. ഇത്തരത്തിൽ സഹകരിക്കുന്നവരെ 'കോഓപ്പറേറ്റിങ്' ആർട്ടിസ്റ്റ് എന്നാണ് മേഖലയിൽ വിശേഷിപ്പിക്കുന്നത്. സഹകരിക്കാത്തവരെ സിനിമാ രംഗത്തുനിന്ന് വിലക്കുന്നത് അടക്കമുള്ള നടപടികളും പതിവാണ്. ലൈംഗിക ചൂഷണം നേരിടുന്നവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെയുണ്ട്. പോക്സോ പ്രകാരം കേസെടുക്കേണ്ട സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തൽ.

എന്നാൽ, ഭീഷണികൾ ഭയന്ന് മിക്കവരും ഇത്തരം കാര്യങ്ങൾ പുറത്തുപറയാൻ തയാറാകുന്നില്ല. പരാതിപ്പെട്ടാൽ കുടുംബാംഗങ്ങളെ അടക്കം ഭീഷണിപ്പെടുത്തുന്നതും മേഖലയിൽ സാധാരണം. ഇത്തരത്തിൽ ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. 'വഴങ്ങാത്ത' സ്ത്രീകളെ സിനിമാ മേഖലയിൽ നിന്നു വിലക്കുന്നതും ഇവരുടെ പതിവാണ്.

രാത്രി സമയത്ത് മദ്യപിച്ചെത്തി നടിമാരുടെ ഹോട്ടൽ മുറിയുടെ വാതിലിൽ മുട്ടുന്നവരുണ്ട്. എതിർത്താൽ അശ്ലീല ഭാഷയിലുള്ള സൈബർ ആക്രമണങ്ങളും പ്രതീക്ഷിക്കാം. സെറ്റുകളിൽ പലപ്പോഴും സ്ത്രീകൾക്ക് ശുചിമുറിയോ വസ്ത്രം മാറാൻ മതിയായ സ്വകാര്യതയോ പോലും ഉണ്ടാകാറില്ല.

ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള സുരക്ഷയെ കരുതിയാണ് പല നടിമാരും സെറ്റുകളിൽ കുടുംബാംഗങ്ങളെയും കൂടെ കൂട്ടുന്നത്. റോളുകൾ ലഭിക്കുന്ന നടിമാർ മാത്രമല്ല, ജൂനിയർ ആർട്ടിസ്റ്റുമാരും കടുത്ത ലൈംഗിക ചൂഷണം നേരിടുന്നുണ്ട്. മേലാളൻമാർ ഉദ്ദേശിക്കുന്ന തരത്തിൽ സഹകരിച്ചില്ലെങ്കിൽ അവർക്ക് നല്ല ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയുണ്ട്.

മുഖ്യ വേഷങ്ങളിൽ വരുന്ന നടിമാരെ ഷൂട്ടിങ്ങിന്‍റെ മറവിലും ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. ഇഴുകിച്ചേർന്നുള്ള ചില രംഗങ്ങൾക്ക്, സിനിമയിൽ ആവശ്യമില്ലെങ്കിലും ചില സംവിധായകർ നിർബന്ധിക്കാറുണ്ട്. ഇത്തരം രംഗങ്ങൾ ചിലപ്പോൾ പതിനേഴ് ടേക്കുകൾ വരെ ആവർത്തിച്ചതായി മൊഴി ലഭിച്ചിട്ടുണ്ട്. എതിർത്താൽ ബ്ലാക്ക് മെയിലിങ് അടക്കം നേരിടേണ്ടി വരും.

ഡബ്ല്യുസിസിയിൽ അംഗത്വമെടുത്തതിനു പോലും അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. സെറ്റിൽ സ്ത്രീകൾക്കെതിരേ അശ്ലീല കമന്‍റുകൾ പറയുന്നതും സാധാരണമാണ്.

ശരീരഭാഗങ്ങൾ പുറത്തുകാണുന്ന തരത്തിലുള്ള വസ്ത്രധാരണത്തിന് ഷൂട്ടിങ് അല്ലാത്ത സമയത്തും പലരും നിർബന്ധിതരാകുന്നുണ്ടെന്നും ചിലർ വെളിപ്പെടുത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com