
കൊച്ചി: ടിടിഇയായി ചമഞ്ഞ് ആൾമാറാട്ടം നടത്തിയ കാറ്ററിംഗ് ജീവനക്കാരൻ പിടിയിൽ. തിരുവനന്തപുരം റെയില്‍വേക്ക് കീഴിലുളള അംഗീകൃത കാറ്ററിംഗ് സര്‍വ്വീസിലെ ജീവനക്കാരനായ കൊയിലാണ്ടി സ്വദേശി ഫൈസല്‍ ആണ് പിടിയിലായത്. ഇയാൾ ടിടിഇയായി ചമഞ്ഞ് യാത്രക്കാരിൽ നിന്നും പണം തട്ടുകയായിരുന്നു. മലബാർ എക്സ്പ്രസിൽ ഇന്നലെ ആലുവക്കും മാളക്കും ഇടയിലാണ് സംഭവം നടന്നത്.
മദ്യലഹരിയിൽ ഇയാൾ സ്ളീപ്പർ കോച്ചിൽ കയറി ലോക്കല്‍ ടിക്കറ്റുകാരായ 3 പേരിൽ നിന്നും ഫൈന്‍ ആയി 100 രൂപ മേടിക്കുകയായിരുന്നു. രസീത് നല്ഡകുന്നതിനു പകരം അവരുടെ ടിക്കറ്റിൽ പേര് എഴുതി ഒപ്പിട്ടു നൽകി. ടി ടി ഇ മാര്‍ ഉപയോഗിക്കുന്ന കോട്ടും, അതില്‍ തിരുവനന്തപുരം റെയില്‍ കാറ്ററിംഗിന്‍റെ എംബ്‌ളവും ഉണ്ടായിരുന്നത് കൊണ്ട് യാത്രക്കാര്‍ സംശയച്ചില്ല.
ശേഷം എസി കോച്ചിലെത്തി വിശ്രമിക്കുന്നതിനിടെയാണ് യഥാർഥ ടിടിഇയുടെ പിടിയിലാവുന്നത്. തുടർന്ന് യാത്രക്കാരുടെ സഹായത്തോടെ ഇയാളെ റെയിൽവെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, പണം തട്ടിപ്പിനും കേസെടുത്തിട്ടുണ്ട്. ഇതിന് മുമ്പ് കുറ്റകൃത്യങ്ങളൊന്നും ചെയ്ത ചരിത്രം ഇല്ലാത്തത് കൊണ്ട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.