

അറസ്റ്റ് ചെയ്തവരിൽ ഒരാൾ
ന‍്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ‍്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ രണ്ടു പേരേ അറസ്റ്റ് ചെയ്തു. ജയ്പൂരിലെ ജാംവ രാംഗഡിൽ നിന്നും ദിനേഷ് ബിവാൽ, മംഗിലാൽ ബിവാൽ എന്നീ സഹോദരങ്ങളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇരുവരും ഹരിയാനയിൽ നിന്നുള്ള ഒരാളിൽ നിന്നും 15 ലക്ഷം രൂപയ്ക്ക് 2026ലെ 120 ചോദ‍്യങ്ങൾ അടങ്ങിയ നീറ്റ് പരീക്ഷാ ചോദ‍്യപേപ്പർ വാങ്ങിയതായും അത് സിക്കാറിലെ വിദ‍്യാർഥികൾക്ക് വിറ്റതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ചോദ‍്യം ചെയ്യുന്നതിനായി ഇരുവരെയും കസ്റ്റഡിയിലെടുത്തതെങ്കിലും ബുധനാഴ്ച രാവിലെയോടെയാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.
ദിനേശിന്‍റെ മകനും മംഗിലാലിന്‍റെ രണ്ട് ആൺ മക്കളും ഇവരുടെ മരിച്ച സഹോദരന്‍റെ രണ്ട് പെൺമക്കളും ഒരുമിച്ച് നീറ്റ് പരീക്ഷ വിജയിച്ചതാണ് സംശയം വർധിപ്പിക്കാൻ ഇടയാക്കിയത്. അഞ്ചു പേരും നിലവിൽ സർക്കാർ മെഡിക്കൽ കോളെജുകളിലാണ് പഠിക്കുന്നത്. അറസ്റ്റിലായ ദിനേഷ് ബിജെപി പ്രവർത്തകനാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നു. കേസിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് ഇയാൾ ബിജെപി ആയതുകൊണ്ടാണോയെന്നും കോൺഗ്രസ് ചോദിച്ചു.