ചൈതന്യാനന്ദയ്ക്ക് ആനന്ദം മറ്റു പലതും: എയർ ഹോസ്റ്റസുമാരുമൊത്ത് ഫോട്ടോ, സ്ത്രീകളുമായി ചാറ്റ്

സ്വയം പ്രഖ്യാപിത ആൾദൈവം, ചൈതന്യാനന്ദ സരസ്വതിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ: സ്ത്രീകളുമായുള്ള ചാറ്റുകളും എയർ ഹോസ്റ്റസുമാരുമൊത്തുള്ള ചിത്രങ്ങളും സ്ത്രീകളുടെ വാട്ട്സാപ്പ് ഡിപി സ്ക്രീൻഷോട്ടുകളും
Chaitanyayanda phone data recovered

ചൈതന്യാനന്ദ സരസ്വതി

Updated on

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം ചൈതന്യാനന്ദ സരസ്വതിയുടെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസിനു കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. നിരവധി സ്ത്രീകളുമായി ഇയാൾ നടത്തിയ സ്വകാര്യ ചാറ്റുകൾ, എയർ ഹോസ്റ്റസുമാർക്കൊപ്പമുള്ള ചിത്രങ്ങൾ, സ്ത്രീകളുടെ പ്രൊഫൈൽ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. വ്യാജ വാഗ്ദാനങ്ങൾ നൽകി ഇയാൾ സ്ത്രീകളെ വലയിലാക്കാൻ ശ്രമിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

വസന്ത് കുഞ്ജിലെ ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനെജ്‌മെന്‍റ് റിസർച്ച് സ്ഥാപനത്തിന്‍റെ മുൻ ചെയർമാനായ 62 വയസുകാരൻ, സ്ഥാപനത്തിലെ 17 വിദ്യാർഥിനികളോട് ലൈംഗിക അതിക്രമം കാണിച്ച കേസിലാണ് അറസ്റ്റിലായത്.

രണ്ട് വനിതാ സഹായികളെ ചോദ്യം ചെയ്യുന്നു

ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇരകളോട് അശ്ലീല സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഭീഷണിപ്പെടുത്തിയ ചൈതന്യാനന്ദയുടെ രണ്ട് വനിതാ സഹായികളെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഈ സഹായികൾ ഇയാളുടെ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചിരുന്നവരാണ്.

ഇയാൾക്കെതിരെ ലൈംഗികാതിക്രമം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, 122 കോടി രൂപ ആസ്തിയുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ഇയാൾക്കെതിരേ ആരോപിക്കപ്പെടുന്നു.

കുറ്റബോധമില്ല, സഹകരണവുമില്ല

ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ചൈതന്യാനന്ദ സരസ്വതി ആഗ്രയിൽ വച്ച് അറസ്റ്റിലായത്. ഒളിവിലിരിക്കെ ഇയാൾ തിരിച്ചറിയാതിരിക്കാൻ രൂപ മാറ്റം വരുത്തുകയും നിരന്തരം ഒളിത്താവളങ്ങൾ മാറ്റുകയും ചെയ്തിരുന്നു.

അന്വേഷണത്തോടു പ്രതി സഹകരിക്കുന്നില്ലെന്നും വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചെയ്ത തെറ്റുകളിൽ ഇയാൾക്ക് കുറ്റബോധമില്ലെന്നും തെളിവുകൾ നിരത്തി ചോദ്യം ചെയ്തിട്ടും ഒഴിഞ്ഞുമാറുന്ന മറുപടികളാണ് നൽകുന്നതെന്നും പൊലീസ് അറിയിച്ചു. ഇരകളെ വിളിച്ചുവരുത്തിയിരുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തുന്നതിനായി ഇയാളെ സ്ഥാപനത്തിന്‍റെ ക്യാപസിസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com