

കൊച്ചി: പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ ശനിയാഴ്ച കുറ്റപത്രം സമർപ്പിക്കും. പ്രതി ഋതു ജയൻ ലഹരിക്ക് അടിമയാണെന്നും എന്നാൽ മാനസിക പ്രശ്നങ്ങളില്ലെന്നുമാണ് 1000 പേജുകളുള്ള കുറ്റപത്രത്തിൽ പറയുന്നത്. 112 സാക്ഷികളുള്ള കേസിൽ 60 തെളിവ് രേഖകൾ ശേഖരിച്ചു.
കൂട്ടക്കൊലപാതകം നടന്ന് മുപ്പതാം ദിവസമാണ് വടക്കൻ പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു പ്രതി ഋതു (27) അയൽവീട്ടിൽ അതിക്രമിച്ച് കയറി മൂന്ന് പേരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ കാട്ടിപ്പറമ്പിൽ വേണു, ഭാര‍്യ ഉഷ, മകൾ വിനിഷ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ വിനിഷയുടെ ഭർത്താവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്നായിരുന്നു കൊലപാതകത്തിനു ശേഷം ഋതു ജയൻ പൊലീസിനോട് പറഞ്ഞത്. 2021 മുതൽ പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രതി സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ്.