

ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്‍റെ മകൻ ഭരത് ശങ്കർ (വലത്ത്).
File
ജിബി സദാശിവൻ
കൊച്ചി: പതിനേഴുകാരൻ ഉൾപ്പെട്ട വാഹനാപകട കേസ് മറയാക്കി എറണാകുളം ചേരാനെല്ലൂർ പൊലീസിനെതിരേ പക തീർക്കാൻ ശ്രമം നടന്നുവെന്ന് ആക്ഷേപം. സംഭവം നടന്ന ശേഷം രാത്രി പൊടുന്നനെയുണ്ടായ സമരത്തിൽ പങ്കെടുത്തവരിൽ ചിലർ പൊലീസിനെതിരായ വികാരം ആളിക്കത്തിക്കാൻ ശ്രമം നടത്തിയതായും സംശയം ഉയരുന്നു.
ആദ്യ ദിനം നടന്ന റോഡ് ഉപരോധത്തിനും സ്റ്റേഷൻ ഉപരോധത്തിനും നേതൃത്വം നൽകിയത് മുഖ്യധാരാ രാഷ്‌ട്രീയ പ്രവർത്തകർ ആയിരുന്നില്ല എന്നതാണ് ഈ സംശയത്തിന് ബലമേകുന്നത്. അതിനിടെ, ഉപരോധത്തിന് നേതൃത്വം നൽകുകയും വാഹനമോടിച്ച 17കാരനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്ത മരണപ്പെട്ട ജയബാലകൃഷ്ണന്‍റെ ഇളയ മകൻ ചേരാനെല്ലൂർ സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന വിവരവും പുറത്തു വരുന്നു. ജയബാലകൃഷ്ണന്‍റെ തന്നെ തട്ടുകട അടിച്ചു തകർത്ത സംഭവത്തിലും ഇയാൾക്കെതിരേ ചേരാനെല്ലൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
2020 മുതൽ മൂന്ന് കേസുകൾ ഇയാൾക്കെതിരേ ചേരാനെല്ലൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ച കേസിൽ 298/2020 എന്ന ക്രൈം നമ്പറിലും 658/2022 എന്ന ക്രൈം നമ്പറിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇളയ മകനെ പേടിച്ച് ജയബാലകൃഷ്ണൻ പല ദിവസങ്ങളിലും വീട്ടിലെത്താറില്ലായിരുന്നുവെന്നും പല തവണ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. പിതാവിന്‍റെ പരാതിയിൽ പല തവണ ഇയാളെ താക്കീത് ചെയ്തിട്ടുള്ളതായും പൊലീസ്.
17 വയസുകാരനായ പ്രതിയുടെ ചിത്രം സ്റ്റേഷനുള്ളിൽ വച്ച് ഫോണിൽ പകർത്തിയാൽ നിയമം അറിയാവുന്ന പോലീസുകാർ അത് ഡിലീറ്റ് ചെയ്യുകയല്ലാതെ മറ്റെന്താണ് ചെയേണ്ടതെന്നും ഇവർ ചോദിക്കുന്നു. നിലവിലുള്ള നിയമം അനുസരിച്ച് പ്രതിയുടെ ചിത്രം സ്റ്റേഷനുള്ളിൽ നിന്ന് പുറത്തു പ്രചരിച്ചാൽ അതിനു കൂടി കോടതിയിൽ മറുപടി പറയേണ്ട ബാധ്യത പൊലീസിനുണ്ടാകുമായിരുന്നു. കോടതികളിൽ പൊലീസുകാർ നേരിടുന്ന മാനസിക പീഡനം പലപ്പോഴും പൊതു സമൂഹം അറിയാറില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഇത്തരം സാഹചര്യം നിലം നിൽക്കെ ഒരു ജഡ്ജി സ്റ്റേഷനിൽ എത്തിയാൽ ആരാണ് അത് ചോദ്യം ചെയ്യാൻ ധൈര്യപ്പെടുക എന്ന ചോദ്യവും സേനയ്ക്കുള്ളിൽ ഉയരുന്നുണ്ട്. വികാരത്തിന് അടിമപ്പെട്ട് ജോലി ചെയ്യാൻ കഴിയുമോയെന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. അതിനിടെ, അഭിഭാഷകനെ ചൊല്ലി മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബത്തിലെ ഭിന്നതയും പുറത്തുവന്നിട്ടുണ്ട്.
അപകടത്തെയും പൊലീസിന് ആദ്യഘട്ടത്തിൽ ഉണ്ടായ ചില വീഴ്ചകളും ആരും ന്യായീകരിക്കുന്നില്ലെങ്കിലും അതിന്‍റെ മറവിൽ സ്റ്റേഷന് മുന്നിൽ ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചു എന്നു തന്നെയാണ് പൊലീസ് ഉറച്ചു വിശ്വസിക്കുന്നത്. കേസിൽ പൊലീസുകാരെ ബലിയാടാക്കിയെന്ന വികാരം സേനയ്ക്കുള്ളിൽ ശക്തമാണ്.
വാഹനാപകടത്തിൽ ലീഗൽ ലയബിലിറ്റി മാത്രം ഉള്ള ഒരു അഡീഷണൽ ജഡ്ജിയെ പൊലീസ് ഉദ്യോഗസ്ഥർ എന്ത് ചെയ്യണമായിരുന്നു എന്നാണ് സേനയ്ക്കുള്ളിൽ ഉയരുന്ന ചോദ്യം. 17കാരനെ റിമാൻഡ് ചെയണോ ജാമ്യം നൽകണോ എന്നതൊക്കെ കോടതിയുടെ അധികാര പരിധിയിലുള്ള കാര്യമാണെന്നും പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.