
ആലപ്പുഴ: അമ്പലപ്പുഴയിൽ രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനമേറ്റ 12 വയസുകാരനെ അമ്മയും മർദ്ദിച്ചിരുന്നതായി കുട്ടി വെളിപ്പെടുത്തി. മെഡിക്കൽ കോളെജിലെ ഡോക്ടർമാരോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. കുട്ടിയുടെ ശരീരമാസകലം മുറിവുകളും പൊള്ളലുകളും ഉണ്ടായിരുന്നതായും മാസങ്ങളായി മതിയായ ഭക്ഷണം ലഭിച്ചിട്ടില്ലെന്നും മെഡിക്കൽ കോളെജ് സൂപ്രണ്ട് വ്യക്തമാക്കി.
കുട്ടിയുടെ താടിയിലും തലക്കുമേറ്റ മുറിവുകൾ ആയുധം ഉപയോഗിച്ചുള്ളതാണെന്നും സൂപ്രണ്ട് വ്യക്തമാക്കി. കുട്ടിയെ തുടർ ചികിത്സക്കായി മാവേലിക്കര ജില്ലാ ആശുപത്രിയിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച്ചയാണ് തലയ്ക്കും മുഖത്തും മുറിവേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദേഹത്താകെ മുറിവേൽപ്പിച്ചതിന്‍റെയും പൊള്ളലേറ്റതിന്‍റെയും പാടുകൾ ഡോക്‌ടർ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഡോക്‌ടർ വിവരം തിരക്കിയപ്പോൾ വീണു പരിക്കേറ്റതാണെന്നായിരുന്നു രണ്ടാനച്ഛൻ അറിയിച്ചത്. പേടിച്ചരണ്ട കുട്ടിയുടെ പെരുമാറ്റവും പരസ്പരവിരുദ്ധമായ രണ്ടാനച്ഛന്‍റെ സംസാരവും സംശയമുണ്ടാക്കിയതോടെ ഡോക്‌ടറാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് അന്വേഷണത്തിൽ നിന്നും രണ്ടാനച്ഛൻ മർദ്ദിച്ചതാണെന്ന് തെളിയുകയും ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി.