
കൊച്ചി: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ് കേസിൽ മുഖ്യസൂത്രധാരനായ സിംഗപ്പുർ സ്വദേശി മുസ്തഫ കമാലിനെ പിടികൂടാൻ എൻഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നീക്കം ആരംഭിച്ചു. ലോൺ ആപ്പിലൂടെ 1600 കോടിരൂപ തട്ടിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
തട്ടിപ്പിൽ ഉൾപ്പെട്ട മലയാളികളായ സയ്യിദ് മുഹമ്മദിനും ടി.ജി. വർഗീസിനും പ്രതിഫലമായി 2.7 കോടി രൂപ ലഭിച്ചു. 718 കോടിരൂപയാണ് ഇരുവരുടെയും അക്കൗണ്ടുകൾ വഴി ഒഴുകിയത്. ഈ പണം ഉപയോഗിച്ച് പ്രതികൾ മൈസൂരുവിൽ റിസോർട്ട് വാങ്ങി. പ്രതികൾ ചൈനയിൽ ക്രിപ്റ്റോ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ജനുവരിയിൽ ഇതേ കേസിൽ ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്‍റൊ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവർ ഇഡിയുടെ പിടിയിലായിരുന്നു. പിന്നാലെയാണ് സയ്യിദ് മുഹമ്മദും ടി. ജി. വർഗീസും അറസ്റ്റിലായത്. കൂടുതൽ ചോദ്യംചെയ്യുന്നതിനായി പ്രതികളെ നാല് ദിവസത്തേക്ക് ഇഡിക്ക് കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.