

12ാം ക്ലാസ് വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ സ്കൂളിൽ വെന്തുമരിച്ച നിലയിൽ
ന്യൂഡൽഹി: ഡൽഹിയിൽ 12ാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ കൃഷ്ണ നഗറിലെ സ്കൂളിൽ ശനിയാഴ്ചയാണ് സംഭവം.
സ്കൂളിലെ ഗാർഡ് മുറിയുടെ പിന്നിലാണ് 18 വയസ് പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂളിൽ തീപിടിത്തം ഉണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വെന്തുമരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് ചില പ്രത്യേക വസ്തുക്കൾ കണ്ടെടുത്തു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൃഷ്ണ നഗർ പൊലീസ് കേസെടുത്തു.