
പെൻസിലിനെ ചൊല്ലിയുള്ള തർക്കം; സഹപാഠിയെ അരിവാൾ കൊണ്ട് ആക്രമിച്ച് എട്ടാം ക്ലാസുകാരന്‍; അധ്യാപകനും പരുക്ക്
മധുര: തിരുനൽവേലിയിൽ എട്ടാം ക്ലാസ് വിദ്യാർഥി ക്ലാസ് മുറിക്കുള്ളിൽ വച്ച് സഹപാഠിയെ അരിവാൾ കൊണ്ട് ആക്രമിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ അധ്യാപകനും പരുക്കേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും, ഇവരുടെയും പരുക്കുകൾ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.
പാളയംകോട്ടയിലെ മട്രിക് ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ചയോടെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, കടം വാങ്ങിയ പെൻസിൽ തിരികെ നൽകാത്തതാണ് ഇരുവരേയും ശത്രുതയിലേക്ക് നയിച്ചത്. തുടർന്ന് വിദ്യാർഥി സ്കൂൾ ബാഗിൽ അരിവാൾ ഒളിപ്പിച്ച് ക്ലാസിൽ എത്തുകയും സഹപാഠിയെ ആക്രമിക്കുയുമായിരുന്നു. ഇരുവരുടേയും വഴക്കറിഞ്ഞ് ക്ലാസിൽ എത്തിയ അധ്യാപകനേയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പുരുക്കേൽപ്പിച്ചു.
ആക്രമണത്തിന് ശേഷം വിദ്യാർഥി ഓടിപ്പോകാൻ ശ്രമിച്ചില്ലെന്നും സ്കൂൾ അധികാരികൾക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു എന്നും പാളയംകോട്ടൈ എസിപി സുരേഷ് പറഞ്ഞു.
കുട്ടിയെ നിലവിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറിയെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രവേശന കവാടത്തിൽ വിദ്യാർഥികളെ പരിശോധിക്കാനും സ്കൂളിലെ മൊത്തത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്താനും അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എസിപി സുരേഷ് കൂട്ടിച്ചേർത്തു.