
കോഴിക്കോട്: ഓൺലൈൻ വഴി 22,000 രൂപയ്ക്ക് സാധനം ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് കാലികവറെന്ന് പരാതി. കോഴിക്കോട് സ്വദേശിയായ റെനിക്കാണ് കാലിക്കവർ ലഭിച്ചത്.
നവംബർ ഒന്നാം തീയതിയാണ് മെക്കാനിക്കൽ എൻജിനീയറായ റെനി, ജോലിയാവശ്യത്തിനായി ആമസോണിൽ നിന്ന് കാറിന്‍റെ ഇ.സി.യു പ്രോഗ്രാമർ വാങ്ങിയത്. ഓൺലൈൻ വഴി പൈസ അടച്ചാണ് ഓർഡർ ചെയ്തിരുന്നത്. എന്നാൽ ഓർഡർ ചെയ്ത സാധനം വീട്ടിലെത്തിയപ്പോൾ കാലിക്കവറായിരുന്നെന്നും, തരികെ എടുക്കാൻ ഡെലിവറി ബോയ് തയാറായില്ലെന്നും അവർ പരാതിയിൽ പറയുന്നു.
സാധനമില്ലാത്തതിനാൽ തിരികെ അയക്കാൻ സാധിച്ചില്ല. തുടർന്നാണ് കസബ പൊലീസിൽ പരാതി നൽകിയത്. ആമസോൺ കസ്റ്റമർ കെയറിൽ പരാതി നൽകിയെങ്കിലും പിന്നീട് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് റെനി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.