ലൈംഗിക ബന്ധത്തിനു സമ്മതിക്കുന്നത്, ക്യാമറയിൽ പകർത്താനുള്ള അനുമതിയല്ല: കോടതി
ന്യൂഡല്‍ഹി: ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നത് സ്വകാര്യ നിമിഷങ്ങള്‍ ചിത്രീകരിക്കുന്നതിനും അവ പരസ്യമാക്കുന്നതിനുമുള്ള അനുമതിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പീഡനക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സ്വർണ കാന്ത ശര്‍മ അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടത്.
''പരാതിക്കാരി ലൈംഗിക ബന്ധത്തിനു സമ്മതം നല്‍കിയിട്ടുണ്ടെങ്കില്‍പ്പോലും, ആ സമ്മതത്തെ അവരുടെ വിഡിയൊകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവയ്ക്കുന്നതിനുള്ള സമ്മതമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല'', കോടതി വ്യക്തമാക്കി.
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷം പകര്‍ത്തി അത് ദുരുപയോഗം ചെയ്യുന്നതിനോ ചൂഷണം ചെയ്യുന്നതിനോ, അല്ലെങ്കില്‍ അനുചിതവും അവഹേളിക്കുന്ന രീതിയിലും അവ ചിത്രീകരിക്കുന്നതിനോ ഉള്ള അനുമതിയായും കണക്കാക്കാനാവില്ലെന്നും കോടതി.
താന്‍ പരാതിക്കാരിക്ക് നല്‍കിയ വായ്പ തിരികെ നല്‍കാന്‍ കഴിയാത്തതിനാല്‍ 'ദീര്‍ഘകാലമായുള്ള സൗഹൃദബന്ധം' വഷളാകുകയായിരുന്നുവെന്ന് പ്രതി കോടതിയിൽ വാദിച്ചു. എന്നാൽ, ഇതിന്‍റെ പേരിൽ യാതൊരു വിധത്തിലുമുള്ള ഇളവും കേസിൽ ലഭിക്കില്ലെന്ന് കോടതി അറിയിച്ചു. ആദ്യത്തെ ലൈംഗിക ബന്ധം ഇരുവരുടെയും സമ്മതത്തോടെയാണെങ്കിലും പ്രതിയുടെ തുടര്‍ന്നുള്ള പ്രവൃകള്‍ ഭീഷണിപ്പെടുത്തലിലൂടെയും ബലപ്രയോഗത്തിലൂടെയും ആയിരുന്നു എന്നും കോടതി.
''അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ പ്രതി വിഡിയൊകള്‍ ഉപയോഗിച്ചു. വിഡിയൊകള്‍ തയാറാക്കുന്നതിലും അവ ഉപയോഗിച്ച് പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു പ്രതി. ഇത് ആദ്യത്തെ ലൈംഗിക ബന്ധത്തിനുള്ള സമ്മതം മറികടന്നുള്ളതാണ്,'' കോടതി വ്യക്തമാക്കി. വായ്പാ ഇടപാടിന്‍റെ മറവില്‍ പ്രതി അതിജീവിതയുമായി ഉണ്ടായിരുന്ന ബന്ധം ചൂഷണം ചെയ്തതായാണ് പ്രഥമദൃഷ്ടാ തോന്നുന്നത്. എന്നാല്‍ അത്തരത്തില്‍ ചെയ്യുന്നത് - സുഹൃത്തുകള്‍ക്കിടയിലാണെങ്കില്‍ പോലും - ഒരു കക്ഷിക്ക് മറ്റേയാളുടെ ദൗര്‍ബല്യത്തെയോ അന്തസ്സിനെയോ ചൂഷണം ചെയ്യാനുള്ള അനുമതി നല്‍കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവാഹിതയായ സ്ത്രീക്ക് അവരുടെ പ്രവൃത്തികളുടെ പ്രധാന്യം മനസ്സിലാക്കാന്‍ പക്വതയുണ്ടെന്ന പ്രതിയുടെ വാദവും കോടതി അംഗീകരിച്ചില്ല. ആരോപണങ്ങളുടെ ഗൗരവം കുറയ്ക്കുന്നതിന് അവരുടെ വൈവാഹിക നിലയും പ്രൊഫഷണല്‍ പശ്ചാത്തലവും ആയുധമാക്കാനുള്ള ശ്രമം സ്വീകാര്യമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പരാതിക്കാരി മസാജ് പാര്‍ലറില്‍ ജോലി ചെയ്തിരുന്നുവെന്ന വസ്തുത അവര്‍ക്കെതിരേ നടത്തിയ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഗൗരവം കുറയ്ക്കാന്‍ ഉപയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, പ്രതി തന്നെ വശീകരിച്ച് ഒരു കോഴ്‌സില്‍ ചേരുന്നതിനായി 3.5 ലക്ഷം രൂപ വായ്പ നല്‍കിയെന്നും എന്നാല്‍ പിന്നീട് ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. 2023 അവസാനം പ്രതി ഡല്‍ഹിയിലെത്തി അയാളുടെ ഫോണില്‍ പകര്‍ത്തിയ തന്‍റെ സ്വകാര്യ നിമിഷങ്ങളുടെ വിഡിയൊകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ട് ദിവസം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി പരാതിക്കാരി പറഞ്ഞു. ഇതിന് പുറമെ വീഡിയോകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചു.
