
കൊല്ലം: സ്റ്റാഫ് റൂമിൽ നിന്ന് അധ്യാപികയുടെ ഫോൺ കവർന്നു സ്കൂളിലെ വാട്സ് ആപ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശമയച്ച സംഭവത്തിൽ, പരാതിക്കാരിയായ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതിനെച്ചൊല്ലി സിപിഎമ്മിൽ വിവിദം. ആരോപണ വിധേയയായ അധ്യാപകർക്കൊപ്പം സസ്പെൻഡ് ചെയ്തതാണ് വിവാദത്തിന് കാരണമായത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിന്ത്രണത്തിലുള്ള തേവലക്കര ഗേൾസ് ഹൈസ്കൂളിലാണ് സംഭവം.
സ്കൂളിലെ ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപികയായ കെഎസ് സോയയുടെ മൊബൈൽ ഫോൺ കവർന്നാണ് കെഎസ്ടിഎ ഉൾപ്പെടെയുള്ള വാട്സ് ആപ് ഗ്രൂപ്പുകളിൽ സിപിഎം നേതാക്കളെയും സ്കൂളിലെ അധ്യാപകരെ പരാമർശിച്ച് അശ്ലീല സന്ദേശമയച്ചത്. സംഭവത്തിൽ അധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ് , തേവലക്കര സ്വദേശി സാദിയ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഫോൺ നഷ്ടമായ ഉടനെ തന്നെ അധ്യാപിക സിം ബ്ലോക്ക് ചെയ്ത് പൊലീസിൽ പരാതി നൽകി. എന്നാൽ ആരോപണ നിഴലിലായ പ്രജീഷും സാദിയയും മൊഴിയെടുക്കാൻ എത്താതെ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്കൂളിലെ സിസിടിവി ദൃശങ്ങളും സൈബർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോണുകളും പരിശോധിച്ച ശേഷം ഇരുവരെയും പ്രതികളാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.