

ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. ചെന്നൈ അറുമ്പാക്കം മെട്രൊ സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായ പൊലീസുകാരനാണ് മാല പൊട്ടിച്ചോടിയത്. ഇയാളെ യാത്രക്കാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. അരുംമ്പാക്കം മെട്രൊ സ്‌റ്റേഷനിൽ സുരക്ഷാ ചുമതലയുളള സ്പെഷ്യൽ ബറ്റാലിയലിന്‍ കോൺസ്റ്റബിൾ രാജദുരൈ (26) യാണ് പൊലീസിന്‍റെ പിടിയിലായത്. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ 6 പവന്‍റെ മാലയാണ് ഇയാൾ പൊട്ടിച്ചോടിയത്. ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഭർത്താവിനൊപ്പമുള്ള യാത്രയിലായിരുന്നു വിജയലക്ഷ്മി. സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോഴായിരുന്നു രാജാദുരയുടെ അതിക്രമം.
വിജയലക്ഷ്മി ഉടനെ ബഹളം വച്ചതോടെ മറ്റ് യാത്രക്കാർ രാജാദുരയുടെ പിന്നാലെ ഓടി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പൊലീസിൽ ഏൽപ്പിക്കുന്നതിന് മുമ്പ് ആളുകൾ ഇയാളെ മർദ്ദിക്കുകയും ചെയ്തു. രാജദുരൈയെ കഴിഞ്ഞ 3 മാസമായി അറുമ്പാക്കം സ്റ്റേഷനിലെത്തിയത്. സമാനമായ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കിൽപ്പോക്ക് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജദുരൈയെ ചൂളൈമേട് പൊലീസ് അറസ്റ്റ് ചെയ്തു.