പാക് ചാരശൃംഖലയുമായി ബന്ധം; ഡൽഹിയിൽ ദമ്പതികൾ അറസ്റ്റിൽ

2024 മുതൽ പാക് രഹസ്യാന്വേഷണ ഏജൻസികളുമായി സമൂഹമാധ്യമങ്ങളിലൂടെ ഇവർ ബന്ധം പുലർത്തിയിരുന്നതായാണ് പൊലീസിന്‍റെ കണ്ടെത്തൽ
Representative image

പ്രതീകാത്മക ചിത്രം

Updated on

ന്യൂഡൽഹി: പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദമ്പതികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 2024 മുതൽ പാക് രഹസ്യാന്വേഷണ ഏജൻസികളുമായി സമൂഹമാധ്യമങ്ങളിലൂടെ ഇവർ ബന്ധം പുലർത്തിയിരുന്നതായാണ് പൊലീസിന്‍റെ കണ്ടെത്തൽ.

മുഹമ്മദ് സാഹിൽ, ഭാര്യ സമീറ എന്നിവരാണ് അറസ്റ്റിലായത്. 2024നും 2025നും ഇടയിൽ ഇവർ എട്ട് ഇന്ത്യൻ സിം കാർഡുകൾ ദുബായ് വഴി പാക്കിസ്ഥാനിലേക്ക് അയച്ചതായും ഇതിന് പ്രതിഫലമായി ഏകദേശം 30,000 രൂപ ലഭിച്ചതായും പൊലീസ് പറയുന്നു. നിർണായകമായ വിവരങ്ങൾ ശേഖരിക്കാനാണ് സിം കാർഡുകൾ ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഇതിനിടെ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസമിലെ ഹെയ്‌ലാകണ്ടി സ്വദേശിയായ 21കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. അസം പൊലീസിന്‍റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും ഹെയ്‌ലാകണ്ടി ജില്ലാ പൊലീസും സംയുക്തമായാണ് ഫസൽ ഇസ്ലാം ബർഭുയിയാൻ എന്നയാളെ അറസ്റ്റ് ചെയ്തത്.

നേരത്തെ ജൂലൈ 25ന് അസമിൽ മൂന്ന് പേരെയും പാക് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. പാക് സൈന്യത്തിനെതിരേ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയായ 23കാരനെ ബെംഗളൂരു പൊലീസും ഈ മാസം അറസ്റ്റ് ചെയ്തിരുന്നു. നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാനിലെ അംഗവുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായാണ് പൊലീസ് ആരോപണം.

logo
Metro Vaartha
www.metrovaartha.com