

വഴി നടക്കുന്നതുമായി ബന്ധപ്പെട്ടുളള തർക്കത്തിൽ കുടുംബത്തെ ആക്രമിച്ച് ക്രിമിനൽ സംഘം
കൊല്ലം: വഴി നടക്കുന്നതുമായി ബന്ധപ്പെട്ടുളള തർക്കത്തിൽ കുടുംബത്തെ ആക്രമിച്ച് ക്രിമിനൽ സംഘം. കൊല്ലം നെടുമ്പനയിലാണ് തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വരുമ്പോൾ വഴി നടക്കാൻ പാടില്ലെന്നു പറഞ്ഞ് ഗുണ്ടാ സംഘം സ്ത്രീകൾ അടക്കമുളള അഞ്ചംഗ സംഘത്തെ ആക്രമിക്കുകയും കുത്തിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു.
നെടുമ്പന അഷ്ടപദിയിൽ അജയഘോഷ്, ഭാര്യ രമ്യ, കൊല്ലം ബിഎസ്എൻഎൽ ക്വാട്ടേഴ്സിൽ ആർ. ഷിബു, എസ്. ധന്യ, ഓടനാവട്ടം അതുൽ ഭവനിൽ എം.എസ്. അതുൽ എന്നിവർക്കാണ് പരുക്കേറ്റത്. വാഹനത്തിന്‍റെ അരികിലേക്ക് നടന്ന് വരുകയായിരുന്നവരെയാണ് തടഞ്ഞു നിർത്തി ആക്രമിച്ചത്.
ബന്ധുവിന്‍റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്തു തിരിച്ചു പോകുന്നവരാണെന്ന് പറഞ്ഞിട്ടും വെറുതെ വിട്ടില്ല. വളർത്തുനായയെ കൊണ്ട് വരെ ഇവരെ കടിപ്പിക്കാനും നോക്കിയിരുന്നു.
വാഹനത്തിന്‍റെ താക്കോലും ഫോണും പണവും പ്രതികൾ പിടിച്ചു വാങ്ങി. ഇതിനെ എതിർത്തപ്പോഴാണ് അജയഘോഷിനെയും അതുലിനെയും അക്രമി സംഘം കുത്തിപ്പരുക്കേൽപ്പിച്ചത്. ഇത് തടയാൻ വന്ന സ്ത്രീകളെയും ഇവർ ഉപദ്രവിച്ചു.