
ബാണ്ട: ഉത്തർപ്രദേശിലെ ബാണ്ടയിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗത്തിനു ശേഷം വെട്ടി നുറുക്കി കൊലപ്പെടുത്തിയതായി കണ്ടെത്തി. പാട്ടോര ഗ്രാമത്തിലാണ് ചൊവ്വാഴ്ച ക്രൂരമായ കൊലപാതകം അരങ്ങേറിയത്. 40 വയസുള്ള സ്ത്രീയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ രാജ് കുമാർ ശുക്ലയുടെ വീട്ടിലുള്ള മിൽ വൃത്തിയാക്കാനായി എത്തിയതായിരുന്നു ഇവർ.
ഏറെ വൈകിയിട്ടും അമ്മയെ കാണാതായതോടെ ഇവരുടെ 20 വയസ്സുള്ള മകൾ മില്ലിലേക്ക് അന്വേഷിച്ചെത്തി. അകത്തു നിന്നും പൂട്ടിയ മില്ലിൽ നിന്ന് ഞരക്കങ്ങൾ കേട്ട് സംശയം തോന്നി തുറന്നു നോക്കിയപ്പോഴാണ് സ്ത്രീയെ മൂന്നു കഷണങ്ങളാക്കി വെട്ടിക്കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
മകളുടെ പരാതിയിൽ പൊലീസ് രാജ് കുമാർ ശുക്ല അയാളുടെ സഹോദരൻമാരായ ബോവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പ്രതികൾ മൂന്നു പേരും ഇപ്പോഴും ഒളിവിലാണ്.