പരാതി വൈകുന്നത് പീഡന കേസിന്‍റെ വിശ്വാസ്യത കുറയ്ക്കുന്നില്ല: കോടതി

പരാതി വൈകാൻ പല കാരണങ്ങളുണ്ടാകാം. പരാതിക്കാരിയുടെ സ്വഭാവമല്ല അവർ നേരിട്ട ദുരിതമാണ് നോക്കേണ്ടത്
Siddique
സിദ്ദിഖ്
Updated on

കൊച്ചി: ലൈംഗിക പീഡനം നേരിട്ട അതിജീവിത പരാതി നല്‍കാന്‍ വൈകി എന്നതുകൊണ്ട് അതില്‍ കഴമ്പില്ല എന്നു പറയാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി. അഭിമാനം നഷ്ടപ്പെടുമെന്നു കരുതിയോ, ഭയം കൊണ്ടോ അങ്ങനെ അനേകം കാര്യങ്ങള്‍ പരാതി നല്‍കുന്നത് വൈകാൻ കാരണമാകാറുണ്ടെന്നും നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിയിൽ ജസ്റ്റിസ് സി.എസ്. ഡയസ് ചൂണ്ടിക്കാട്ടി.

പരാതി എന്തുകൊണ്ട് വൈകി എന്നതിന്‍റെ സാഹചര്യങ്ങളും മറ്റ് വിശദാംശങ്ങളും വിചാരണകോടതിയില്‍ പരിശോധിക്കാവുന്നതാണ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് പരാതിക്കാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് തുറന്ന് പറയാന്‍ അവസരം ഉണ്ടാക്കിയിട്ടുണ്ടെന്നും കോടതി ഓർമിപ്പിച്ചു.

പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് സിദ്ദിഖിന്‍റെ അഭിഭാഷകന്‍ വാദിച്ചതെന്ന് കോടതി പറഞ്ഞു. മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ളയാണ് സിദ്ദിഖിനു വേണ്ടി കോടതിയിൽ ഹാജരാകുന്നത്. 14 പേര്‍ക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു എന്നതുകൊണ്ട് പരാതിക്കാരിക്കു വിശ്വാസ്യതയില്ലെന്നു വാദിച്ചത് അനാവശ്യ പരാമര്‍ശമാണെന്നും കോടതി പറഞ്ഞു.

ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീക്കുണ്ടാകുന്ന അനുഭവം അവരുടെ സ്വഭാവത്തെയല്ല കാട്ടുന്നത്, മറിച്ച് അവര്‍ നേരിടുന്ന ദുരിതത്തെയാണ്. ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ഒരുപക്ഷേ, അവരെ നിശബ്ദയാക്കാന്‍ വേണ്ടിയായിരിക്കും. എന്നാല്‍ അത് നിയമത്തിന് എതിരാണ്. പരാതിയുടെ ഗൗരവമാണ് കോടതി നോക്കുന്നത്. അല്ലാതെ പരാതിക്കാരിയുടെ സ്വഭാവമല്ലെന്നും കോടതി വ്യക്തമാക്കി.

തന്‍റെ ലൈംഗികാവയവം കടത്തി ബലാത്സംഗം ചെയ്തുവെന്ന് പരാതിയിലില്ല എന്ന സിദ്ദിഖിന്‍റെ വാദവും കോടതി തള്ളി. ഐപിസി 375 ാം വകുപ്പില്‍ ലൈംഗികാവയവം ഉപയോഗിച്ചുള്ള പീഡനം മാത്രമല്ല, മറ്റേത് ഭാഗം കൊണ്ടാണെങ്കിലും സ്ത്രീയുടെ സമ്മതമില്ലെങ്കില്‍ അത് ബലാത്സംഗത്തിന്‍റെ പരിധിയില്‍ വരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com