
ഡൽഹിയിൽ ഇരട്ടകൊലപാതകം; അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ
ന്യൂഡൽഹി: ലജ്‌പത് നഗറിർ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തി. ലാജ്പത് നഗർ-1 പ്രദേശത്ത് രുചിക (42), മകൻ കൃഷ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഡ്രൈവർ മുകേഷിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. പലതവണകളായി വീട്ടിലേക്ക് ഫോൺ ചെയ്തിട്ടും പ്രതികരണം ഇല്ലാതായതോടെയാണ് ഇവരുടെ ഭർത്താവ് കുല്‍ദീപ് വീട്ടിൽ എത്തി പരിശോധിച്ചത്. എന്നാൽ വീടിന്‍റെ വാതിൽ പൂട്ടിയിട്ട നിലയിലും ഗേറ്റിലും പടികളിലും രക്തക്കറകളും കണ്ടതോടെ ഇയാൾ ഉടനെ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി ഗേറ്റ് ബലമായി തുറന്നതോടെയാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രുചികയെ ബെഡ്റൂമിലെ കിടക്കയ്ക്കടുത്തും മകന്‍ കൃഷ് ബാത്ത്റൂമിലുമായി കൊല്ലപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്നാണ് ഇവരുടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
രുചികയും ഭര്‍ത്താവ് കുല്‍ദീപും ലജ്പത് നഗറില്‍ ഒരു തുണിക്കട നടത്തുകയാണ്. ഇവര്‍ക്ക് ഷോപ്പിലെ കാര്യങ്ങളില്‍ സഹായിക്കുന്നതിനും ഡ്രൈവറായും കൂടെ ഉണ്ടായിരുന്നതാണ് ഈ യുവാവ്. രുചിക വഴക്ക് പറഞ്ഞതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകിയെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡൽഹി സൗത്ത് ഈസ്റ്റ് ഡിസിപി ഹേമന്ത് തിവാരി പറഞ്ഞു.