

സറേയിലുള്ള കപിൽ ശർമയുടെ കഫെ
ന‍്യൂഡൽഹി: ഹാസ‍്യതാരവും നടനും ടെലിവിഷൻ അവതാരകനുമായ കപിൽ ശർമയുടെ ക‍്യാനഡയിലെ കഫെയ്ക്കു നേരെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം ബന്ധു മാൻ സിങ് എന്ന വ‍്യക്തിയാണ് അറസ്റ്റിലായിരിക്കുന്നത്.
ക‍്യാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ട ഗോൾഡി ധില്ലന്‍റെ അടുത്ത അനുയായിയാണ് ഇയാളെന്നാണ് പുറത്തു വരുന്ന വിവരം. ബന്ധു മാൻ സിങ്ങിന്‍റെ കൈയിൽ നിന്നും ചൈനീസ് പിസ്റ്റളും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ക‍്യാനഡയിലെ സറേയിലുള്ള കപിൽ ശർമയുടെ കഫെയ്ക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്. ജൂലൈ പത്തിനും ആഗസ്റ്റ് ഏഴിനുമായിരുന്നു ആക്രമണം നടന്നത്.
അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമായ ഗോള്‍ഡി ധില്ലൻ സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. സമൂഹ മാധ‍്യമത്തിലൂടെയായിരുന്നു ഇവർ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.