

തൊപ്പി
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനും സംഘത്തിനുമെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് നടപടി. സംസ്ഥാന സൈബർ ഓപ്പറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകൻ അന്വേഷണത്തിന് നേതൃത്വം നൽകും. പോക്സോ കേസ്, രാസലഹരി ഉപയോഗം, മാനസിക- ശാരീരിക പീഡനം, അശ്ലീല പ്രചരണം, സൈബർ കുറ്റകൃത്യം എന്നീ ആരോപണങ്ങളിലാണ് അന്വേഷണം. അഡ്വ. ശ്രീജിത്ത് പെരുമന ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് കുട്ടികൾ തത്സമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ ചെയ്ത രീതിയിൽ സ്വയംഭോഗം വരെ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇവർ സൈബർ ഇടങ്ങളെ മലിനമാക്കിയതെന്നാണ് ശ്രീജിത്ത് പെരുമന കുറിച്ചിരിക്കുന്നത്.
ഇതിനുപുറമേ, പ്രമുഖ സെലിബ്രിറ്റികളുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലും അങ്ങേയറ്റം അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്നഫോൺ ഓഡിയോ ക്ലിപ്പുകളാണ് ഇവർ ലൈവിലൂടെ പരസ്യമായി പങ്കു വയ്ക്കുന്നുണ്ട്.
മയക്കുമരുന്ന് മാഫിയ ബന്ധങ്ങളും, പോക്സോ പരിധിയിൽ വരുന്ന അതിക്രമങ്ങളും വളരെ ലാഘവത്തോടെ സംസാരിച്ച ഇവർ ഇപ്പോൾ സ്ത്രീത്വത്തെയും മാന്യതയെയുമെല്ലാം കാറ്റിൽപ്പറത്തിയിരിക്കുകയാണ്.
ഇവർ കാട്ടിക്കൂട്ടുന്ന ഈ വികൃതികൾ കാണുന്നവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർഥികളാണ്. ഒരു നിയന്ത്രണവുമില്ലാതെ ഇത്തരം നീചമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കൊച്ചുകുട്ടികളുടെ മുന്നിലേക്ക് എത്തുമ്പോൾ അത് അവരിൽ ഉണ്ടാക്കുന്ന മാനസിക വൈകല്യങ്ങൾ ചെറുതായിരിക്കില്ല.
വരുംതലമുറയുടെ ഭാവി തകർക്കുന്ന ഈ ക്രിമിനലുകൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ ഉണ്ടായേ തീരൂ എന്നാണ് ശ്രീജിത്ത് പെരുമന കുറിച്ചിരിക്കുന്നത്.