
കൊല്ലം: മദ‍്യപിക്കാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് കൊല്ലത്ത് മകൻ അമ്മയെ വെട്ടി പരുക്കേൽപ്പിച്ചു. തേവലക്കര പടിഞ്ഞാറ്റുകരയിലാണ് സംഭവം. അമ്മ കൃഷ്ണകുമാരി (52) യെയാണ് മകൻ മനു മോഹൻ വെട്ടി പരുക്കേൽപ്പിച്ചത്. ആക്രമണത്തിൽ കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റു.
മനു മോഹൻ മദ‍്യപിച്ചെത്തി സ്ഥിരമായി അമ്മയെ മർദ്ദിക്കാറുണ്ടെന്നും പൊലീസെത്തിയാണ് പലപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. മദ‍്യപിക്കാൻ പണം ആവശ‍്യപ്പെട്ടപ്പോൾ കൃഷ്ണകുമാരി പണം നൽകിയിരുന്നില്ല. ഇതിന് പിന്നാലെ വീട്ടിൽ നിന്ന് പോയ മനുമോഹൻ മദ‍്യപിച്ചെത്തി കൃഷ്ണകുമാരിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കൃഷ്ണകുമാരിയെ നാട്ടുകാർ ചേർന്നാണ് സമീപത്തുള്ള ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളെജിലേക്ക് മാറ്റി. മനു മോഹനെതിരേ വധശ്രമത്തിനടക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.