
കർണാടകയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; മുൻ ബിജെപി എംഎഎൽയ്ക്ക് നഷ്ടമായത് 60 ലക്ഷം
ബംഗളൂരു: കർണാടകയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. മുൻ ബിജെപി എംഎൽഎ ഗുണ്ടപ്പ വകിൽ, വിജയപുര സ്വദേശി ശിര്യ മധാർ എന്നിവരാണ് തട്ടിപ്പിനിരയായത്. ഏകദേശം 60 ലക്ഷത്തിനു മുകളിൽ പണം നഷ്ടപ്പെട്ടതായാണ് വിവരം.
തട്ടിപ്പുകാർ സിബിഐയായും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരായും ചമഞ്ഞാണ് പണം തട്ടിയെടുത്തത്. കൂടാതെ ഓൺലൈൻ ജഡ്ജിമാരെ വരെ സൃഷ്ടിച്ച് ഇരകളെ ഭീഷണിപ്പെടുത്തുയും ചെയ്തു.
തട്ടിപ്പുകാർ ഗുണ്ടപ്പയെ ബന്ധപ്പെട്ട് വ്യവസായി നരേഷ് ഗോയലിന്‍റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അദ്ദേഹത്തിന്‍റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
തുടർന്ന് പല കോളുകളിലും വ്യാജ അന്വേഷണ ഉദ്യോഗസ്ഥരായി നടിച്ച് 30 ലക്ഷത്തിലധികം പണം കൈപ്പറ്റുകയായിരുന്നു. ഇതേ രീതിയിൽ ശിര്യ മധാറിനെയും കബളിപ്പിച്ച് ലക്ഷങ്ങൾ വാങ്ങി.
സൈബർ ക്രൈം വിഭാഗം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.