
ആലപ്പുഴ: ചെങ്ങന്നൂരിൽ സ്വത്തിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സഹോദരനെ കൊലപ്പെടുത്തി യുവാവ്. ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.
ശനിയാഴ്ച വൈകിട്ടോടെ പ്രസന്നൻ മദ‍്യപിച്ച് വീട്ടിലെത്തുകയും സഹോദരനുമായി തർക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കയർ പ്രസന്നന്‍റെ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയെന്നാണ് അയൽവാസികൾ പറയുന്നത്.
അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പ്രസാദിനെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരുമിച്ചു താമസിച്ചിരുന്ന ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നതായും കൊല്ലപ്പെട്ട പ്രസന്നൻ നേരത്തെ പ്രസാദിന്‍റെ കയ്യും കാലും ഒടിച്ചിരുന്നതായും അയൽവാസികൾ പറയുന്നു.