സൗന്ദര്യമില്ലെന്ന് ആക്ഷേപിച്ചും കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ടും നിരന്തരപീഡനം, ഭർത്താവ് അറസ്റ്റിൽ

ഇയാളും അമ്മ ഓമനയും ചേർന്നാണ് അസഭ്യം വിളിയും മർദ്ദനവും ആരംഭിച്ചത്.
സൗന്ദര്യമില്ലെന്ന് ആക്ഷേപിച്ചും കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ടും നിരന്തരപീഡനം, ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട : ഗാർഹിക പീഡനത്തിന് യുവാവ് അറസ്റ്റിൽ, തിരുവല്ല കുറ്റൂർ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനിൽക്കുന്നതിൽ കണ്ണൻ എന്ന് വിളിക്കുന്ന രതീഷ് (37) ആണ് കോയിപ്രം പൊലീസിന്‍റെ പിടിയിലായത്.

2013 സെപ്റ്റംബർ 4ന് ആറന്മുള സബ് രജിസ്ട്രാർ ഓഫീസിൽ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത, തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കൽ ജോയ് തോമസിന്‍റെ മകൾ മറിയാമ്മ മാത്യു (29) നാണ് ഭർത്താവിന്‍റെ നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങൾ ഏൽക്കേണ്ടിവന്നത്.

വിവാഹശേഷം രതീഷിന്‍റെ പാലനിൽക്കുന്നതിൽ എന്ന കുടുംബവീട്ടിൽ ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞുവരവേ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങുകയായിരുന്നു. യുവതിയ്ക്ക് ഇയാൾ ചെലവിന് നൽകാറില്ലായിരുന്നു. ഇയാളും അമ്മ ഓമനയും ചേർന്നാണ് അസഭ്യം വിളിയും മർദ്ദനവും ആരംഭിച്ചത്. തുടർന്ന്, ആദ്യകുഞ്ഞു ജനിച്ചശേഷം ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കൽ വീട്ടിൽ താമസിക്കുമ്പോഴും മർദ്ദനം തുടർന്നു. മറിയാമ്മയുടെ അമ്മയ്ക്കും പ്രതികളുടെ മർദ്ദനമേറ്റിരുന്നു.

നിരന്തരപീഡനങ്ങൾ സഹിക്കവയ്യാതെ കഴിഞ്ഞമാസം 14 ന് യുവതി കോയിപ്രം പൊലീസിനെ സമീപിച്ച് മൊഴി നൽകി കേസ് എടുപ്പിച്ചു. പ്രാഥമിക അന്വേഷണത്തിൽ പൊലീസ് ഇരുവീടുകളിലും എത്തി വിശദമായ പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ആറന്മുള സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാക്കി കോടതിയിൽ സമർപ്പിച്ചു.

പ്രതികൾക്കുള്ള അന്വേഷണം തുടരവേ, ഇന്നലെ രാത്രി 8.10 ന് രതീഷിനെ വീടിനു സമീപത്തുനിന്നും പിടികൂടി, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി. കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ നേതൃത്വം നൽകുന്ന അന്വേഷണസംഘത്തിൽ എ എസ് ഐമാരായ സുധീഷ്, വിനോദ്, എസ് സി പി ഓ ജോബിൻ ജോൺ എന്നിവരാണ് ഉള്ളത്. രണ്ടാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com