കോടികളുടെ അവയവക്കച്ചവടം; ദാതാവിന് പത്തു ലക്ഷത്തില്‍ താഴെ

അന്‍പതു ലക്ഷം മുതല്‍ കോടികള്‍ വരെയാണ് അവയവക്കച്ചവടത്തില്‍ വില ഉറപ്പിക്കുന്നത്. എന്നാല്‍, അവയവം ദാനം ചെയ്യുന്നവര്‍ക്ക് അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെ മാത്രം
Donor gets mere lakhs in organ racket worth crores
കോടികളുടെ അവയവക്കച്ചവടം; ദാതാവിന് പത്തു ലക്ഷത്തില്‍ താഴെ

കൊച്ചി: അവയവം ദാനം ചെയ്യുന്നതിനായി 20 പേരെ ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് കൊണ്ടുപോയതായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന സബിത്ത് നാസർ പൊലീസിനോട് വെളിപ്പെടുത്തി. അന്‍പതു ലക്ഷം മുതല്‍ കോടികള്‍ വരെയാണ് അവയവക്കച്ചവടത്തില്‍ വില ഉറപ്പിക്കുന്നത്. എന്നാല്‍, അവയവം ദാനം ചെയ്യുന്നവര്‍ക്ക് അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെ മാത്രമാണ് ലഭിക്കുന്നതെന്ന് അവയവക്കടത്ത് അന്വേഷിക്കുന്ന പൊലീസ് സംഘം പറയുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി പേരെ വിദേശത്ത് അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി റാക്കറ്റ് വലയിലാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പാലക്കാട്, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ യുവാക്കളെയാണ് ഇറാനിലേക്ക് കടത്തിയത്. അവയവദാനത്തിനായി ഇറാനിലേക്ക് കൊണ്ടുപോയ ഏതാനും പേര്‍ അവിടെ വെച്ച് മരിച്ചതായും വിവരമുണ്ട്. സബിത്തിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

വൃക്ക മാറ്റിവയ്ക്കലിനായി ഇന്ത്യയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന റാക്കറ്റിന്‍റെ ഭാഗമാണ് താനെന്ന് സബിത്ത് പൊലീസിനോട് പറഞ്ഞതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിക്രൂട്ട് ചെയ്ത യുവാക്കളെ ഇറാനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അനുയോജ്യരായ സ്വീകര്‍ത്താക്കള്‍ക്ക് വൃക്കകള്‍ ദാനം ചെയ്തു. തുടര്‍ന്ന് ഇവര്‍ മൂന്ന് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് ദാതാക്കള്‍ക്ക് ഒരു ഫ്‌ലാറ്റില്‍ 20 ദിവസത്തെ താമസം നല്‍കുകയും തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ച് പോകുകയും ചെയ്തു.

വൃക്ക ദാനം ചെയ്തന്നവര്‍ക്ക് 6 ലക്ഷം രൂപ വരെയാണ് നല്‍കിയത്. പാലക്കാട് തിരുനെല്ലായി സ്വദേശിയായ ഷമീര്‍ എന്ന യുവാവ് ആറുമാസം മുമ്പ് ഈ രീതിയില്‍ വൃക്ക ദാനം ചെയ്തിരുന്നതായി സബിത്തിന്‍റെ മൊഴിയിലുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഷമീര്‍ കടം വീട്ടാന്‍ വൃക്ക ദാനം ചെയ്തതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സബിത്തിനെ സഹായിച്ച വലപ്പാട് സ്വദേശിയായ മറ്റൊരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ കൊച്ചിയില്‍ സബിത്തിന്‍റെ റൂംമേറ്റായിരുന്നു. കേസിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍ കണക്കിലെടുത്ത് സബിത്തിന്‍റെ കേരളത്തിലെ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഐപിസി സെക്ഷന്‍ 370 (മനുഷ്യക്കടത്ത്), മനുഷ്യ അവയവങ്ങള്‍ മാറ്റിവെക്കല്‍ നിയമത്തിലെ സെക്ഷന്‍ 19 (മനുഷ്യ അവയവങ്ങളുമാമായി ബന്ധപ്പെട്ട വാണിജ്യ ഇടപാടുകള്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സബിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളും കേസ് അന്വേഷിക്കുന്നുണ്ടെന്നും അവര്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയെടുത്ത സബിത്ത് കൊച്ചിയില്‍ വിവിധ ജോലികള്‍ ചെയ്തിരുന്നു. 2019 ല്‍ ഇറാനില്‍ എത്തിയ ഇയാള്‍ അവയമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികളെ സഹായിക്കാന്‍ ടെഹ്റാനിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.