
നോയിഡയിലെ സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ വഴിത്തിരിവ്
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നിക്കി ഭാട്ടിയെന്ന യുവതി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് പൊളളലേറ്റതെന്ന് യുവതി ഡോക്റ്റർമാരോട് പറഞ്ഞതായി നോയിഡ പൊലീസ് വ്യക്തമാക്കി. മരിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഡോക്റ്ററോട് സംസാരിച്ചത്. പൊളളലേറ്റ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോൾ സംസാരിക്കാൻ കഴിഞ്ഞിരുന്നു എന്ന് ഡോക്റ്ററും നഴ്സും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
സ്ത്രീധന പീഡനത്തിനൊടുവിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയെന്ന നിക്കിയുടെ സഹോദരി കാഞ്ചന്‍റെ ആരോപണം തള്ളുന്നതാണ് ആശുപത്രിയിലെ വിവരങ്ങൾ. എന്നാൽ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിന്‍റെ ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
നിക്കിയെ ഭർത്താവും മാതാപിതാക്കളും ചേർന്ന് നിർബന്ധിച്ച് മൊഴി നൽകിപ്പിച്ചതാണോ എന്നാണ് സംശയം. നിക്കിയ്ക്ക് അപകടം സംഭവിക്കുന്ന സമയത്ത് ഭർത്താവ് പുറത്തുനിൽക്കുന്നതിന്‍റെ വീടിനടുത്തുള്ള ഒരു കടയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.