

ആലുവയിൽ വൻ തോതിൽ ലഹരി മരുന്ന് പിടിച്ചെടുത്തു
file image
ആലുവ: പറവൂർ കവലയിൽ മൂന്നു നില കെട്ടിടത്തിൽ നിന്നും വൻതോതിൽ ലഹരി മരുന്ന് പിടിച്ചെടുത്തു. പ്രതികളായ നാലുപേർ വീടിനുള്ളിൽ അടച്ചിട്ട മുറിയിൽ ഒളിച്ചിരിക്കുകയാണ്.
പ്രതികളെ പിടികൂടാനായി പൊലീസിന്‍റെ സഹായം തേടിയിരിക്കുകയാണ് എക്സൈസ് സംഘം. വെള്ളിയാഴ്ച ഉച്ചയോടെയാണ് രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇന്‍റലിജൻസ് വിഭാഗം റെയിഡിന് എത്തിയത്.
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ മൂന്നാം നിലയിലെ വീടിനുള്ളിൽ കയറി വാതിൽ അടച്ച പ്രതികൾ ഹാഷിഷ് ഓയിൽ അടുത്തുള്ള പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ഇത് എക്സൈസ് സംഘം കണ്ടെടുത്തിട്ടുണ്ട്.
കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് ലഹരി മരുന്നു വിൽക്കുന്ന സംഘമാണ് ഇവർ എന്ന് സംശയിക്കുന്നു. കൂടുതൽ ലഹരി മരുന്ന് വീട്ടിൽ ഉണ്ടായേക്കാവുന്ന സംശയത്തിലാണ് എക്സൈസ് അധികൃതർ. എന്നാൽ മുറിയിൽ കയറി വാതിലടച്ച സംഘം കൈവശമുള്ള ലഹരി മരുന്ന് നശിപ്പിച്ചു കളയാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല . പ്രതികളെ പിടികൂടുന്നതിനായി ആലുവ പൊലീസിന്‍റെ സഹായം തേടിയിരിക്കുകയാണ് എക്സൈസ്.