
പ്രതികൾ
മുംബൈ: പുനെയിലെ ഖരാഡി പ്രദേശത്തുള്ള ഫ്ലാറ്റ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ റെയ്ഡിൽ കൊക്കെയ്ൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കണ്ടെത്തിയതിനെത്തുടർന്ന് മഹാരാഷ്ട്ര മുൻ മന്ത്രി ഏക്നാഥ് ഖഡ്സെയുടെ മരുമകൻ പ്രഞ്ജാൽ ഖെവാൽക്കർ ഉൾപ്പെടെ 7 പേരെ കസ്റ്റഡിയിലെടുത്തു. എൻസിപി ശരദ് പവാർ വിഭാഗത്തിന്‍റെ നേതാവായ രോഹിണി ഖഡ്സെയുടെ ഭർത്താവാണ് പ്രഞ്ജാൽ ഖെവാൽക്കർ.
നിശാ പാർട്ടി നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അപ്പാർട്ട്മെന്‍റിൽ ഞായറാഴ്ച പുലർച്ചയോടെ പൊലീസ് റെയ്ഡ് നടത്തിയത്. പ്രഞ്ജാൽ ഉൾപ്പെടെയുള്ള അഞ്ച് പുരുഷൻമാരെയും രണ്ട് സ്ത്രീകളെയുമാണ് കസ്റ്റഡിയിലെടുത്തതെന്ന് പുനെ പൊലീസ് കമ്മിഷണർ സ്ഥിരീകരിച്ചു.
ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തുമെന്നും അദ്ദേഹം വ‍്യക്തമാക്കി. അതേസമയം, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും തെറ്റിനെ പിന്തുണയ്ക്കുന്ന ആളല്ല താനെന്നും ഏക്നാഥ് ഖഡ്സെ മാധ‍്യമങ്ങളോട് പ്രതികരിച്ചു.