
ഉള്ളൂരിൽ വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം; പ്രതി പിടിയിൽ
തിരുവനന്തപുരം: ഉള്ളൂരില്‍ വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി മോഷണം നടത്തിയ പ്രതിയെ രാത്രി തന്നെ കൈയോടെ പൊക്കി പൊലീസ്. വൃദ്ധയുടെ സ്വര്‍ണമാലയും മോതിരവും കവര്‍ന്ന ആക്കുളം സ്വദേശി മധുവിനെയാണ് തിങ്കളാഴ്ച രാത്രിയോടെ മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റ് ചെയ്തത്. വൃദ്ധ താമസിക്കുന്ന വീടിന്‍റെ താഴത്തെ നിലയിലുള്ള ബേക്കറി തൊഴിലാളിയാണ് ഇയാൾ. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കഴിഞ്ഞ 5 വര്‍ഷമായി ഉഷാകുമാരി എന്ന വൃദ്ധ ഒറ്റയ്ക്കായിരുന്നു താമസം. പ്രതി വീടിന് പിന്നിലൂടെയുള്ള പടിക്കെട്ട് വഴി വീടിനുള്ളില്‍ കടക്കുകയായിരുന്നു. പിന്നീട് ഉഷയെ മുറിയിലെ കട്ടിലില്‍ കെട്ടിയിടുകയും ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി തിരുകുകയും ചെയ്തു. ശേഷമാണ് വൃദ്ധയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍റെ മാലയും വിരലില്‍ കിടന്ന മോതിരവും മോഷ്ടിച്ചത്.
ഉഷാകുമാരി നല്‍കിയ വിവരങ്ങളും പ്രതി വീടിനുള്ളിൽ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് രാത്രി ഒമ്പതുമണിയോടെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി ആദ്യം കുറ്റം സമ്മതിച്ചില്ലായിരുന്നുവെങ്കിലും ഇയാൾ സ്വർണം പണയം വച്ചു കിട്ടിയ പണം മറ്റൊരിടത്ത് ഒളിപ്പിച്ചതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് ചോദ്യം ചെയ്തതോടെ ചൊവ്വാഴ്ച പുലർച്ചയോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.